വീരേന്ദര്‍ സെവാഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; തീരുമാനം ജന്മദിനത്തില്‍
ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (15:30 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണായിരുന്ന വീരേന്ദര്‍ സെവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ജന്മദിനത്തില്‍ ട്വിറ്ററിലൂടെയാണ് സേവാഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് വിരമിക്കലിനെ കുറിച്ച് സംസാരിച്ചുവെങ്കിലും ഇന്ന് അദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപനം അറിയിക്കുകയായിരുന്നു. ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ പാഡഴിക്കാന്‍ തീരുമാനിച്ചത്.
ഐപിഎൽ അടക്കമുള്ള എല്ലാ മൽസരങ്ങളിൽ നിന്നും വിരമിക്കുന്നതായാണ് പ്രഖ്യാപനം. രണ്ടര വർഷത്തോളം ടീമിലുൾപ്പെടാതിരുന്നതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്, ഏകദിനം, ട്വന്റി-20 എന്നീ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നുവെന്നും ഐപിഎല്ലില്‍ ഇനി കളിക്കില്ലെന്നും സേവാഗ് അറിയിച്ചു. രഞ്ജിയില്‍ ഈ സീസണില്‍ ഹരിയാനയ്ക്ക് വേണ്ടിയാണ് സേവാഗ് കളിക്കുന്നത്. സീസണ്‍ അവസാനിക്കുന്നതോടെ രഞ്ജി ക്രിക്കറ്റിനോടും വിടപറയുമെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു.
104 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച സെവാഗ് രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അടക്കം 8586 റണ്‍സ് നേടിയിട്ടുണ്ട്. 1999ല്‍ ഏകദിന ക്രിക്കറ്റില്‍ മധ്യനിര ബാറ്റ്സ്മാനായി അരങ്ങേറിയ സെവാഗ് അതിവേഗമാണ് ഏകദിന, ടെസ്റ്റ് ക്രിക്കറ്റിലെ ആരും ഭയക്കുന്ന വെടിക്കെട്ട് ഓപ്പണറായി മാറിയത്. സെവാഗിനെ ഓപ്പണറാക്കി ഇറക്കാനുള്ള സൌരവ് ഗാംഗുലിയുടെ തീരുമാനമാണ് അദ്ദേഹത്തിന്റെ കരിയറിന് വഴിത്തിരിവായത്.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 17,253 റണ്‍സായിരുന്നു വീരുവിന്റെ ബാറ്റില്‍ നിന്നുമൊഴുകിയത്. 104 ടെസ്റ്റുകളില്‍ നിന്നായി 8586 റണ്‍സ്. 251 ഏകദിനങ്ങളില്‍ ഇന്ത്യക്കായി ബാറ്റേന്തിയ വീരു അടിച്ചുകൂട്ടിയത് 8273 റണ്‍സ്. അതില്‍ ഏറ്റവും ഉയര്‍ന്ന സ്‍കോര്‍ 219. സെഞ്ച്വറികള്‍ 15. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നായി 394 റണ്‍സും വീരുവിന്റെ ബാറ്റില്‍ നിന്നു പിറന്നു. ടെസ്റ്റില്‍ 40 വിക്കറ്റും ഏകദിനത്തില്‍ 96 വിക്കറ്റുമാണ് സെവാഗിന്റെ സമ്പാദ്യം.