സഞ്ജുവില്ല; ശ്രീലങ്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു
വ്യാഴം, 23 ജൂലൈ 2015 (12:20 IST)
ശ്രീലങ്കൻ പര്യടനത്തിനുള്ള 15 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ക്യാപ്‌റ്റന്‍. സഞ്ജു സാംസണെ പരിഗണിച്ചില്ല. സാഹയാണ് വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. റിസര്‍വ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും സാഹ മാത്രമാണ് കീപ്പറായുള്ളത്. സ്പിന്നര്‍ കരണ്‍ ശര്‍മയെ പരിക്കു മൂലം ഒഴിവാക്കിയപ്പോള്‍ നാല് വര്‍ഷത്തിനു ശേഷം അമിത് മിശ്രയ്ക്ക് ഇന്ത്യന്‍ ടീമിലേയ്ക്ക് വിളി ലഭിച്ചു.
ഗൌതം ഗംഭീറിനെയും സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അധ്യക്ഷന്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കുമാര സംഗക്കാരയുടെ വിടവാങ്ങല്‍ പരമ്പരയായതിനാല്‍ മികച്ച ടീമിനെ അണിനിരത്താനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് താത്പര്യം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ആഗസ്ത് 12-ന് തുടക്കം കുറിക്കും. രണ്ടാം ടെസ്റ്റോടെ സംഗക്കാര അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയും.