ഐസിസി ഏകദിന റാങ്കിങ്ങ്: ഡിവില്ലിയേഴ്സിനു പിഴച്ചു; തകര്‍പ്പന്‍ കുതിപ്പോടെ കോഹ്‌ലി വീണ്ടും നമ്പർ വൺ

ബുധന്‍, 14 ജൂണ്‍ 2017 (10:18 IST)
ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനത്ത്. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ചാംപ്യൻഷിപ്പിലെ ലീഗ് റൗണ്ട് മൽസരങ്ങൾ അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലാണ് കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.  
 
ഈ ടൂർണമെന്റ് ആരംഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു വിരാട് കോഹ്‌ലി. ഒന്നാം സ്ഥാനത്തുള്ള ഡിവില്ലിയേഴ്സിനെക്കാൾ 22 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാർണറിനെക്കാൾ 19 പോയിന്റും പിന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
 
എന്നാൽ പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പുറത്താകാതെ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്‌ലിയെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചത്. ഈ വർഷം ഫെബ്രുവരി 25 മുതൽ ഒന്നാം സ്ഥാനത്ത് ഡിവില്ലിയേഴ്സായിരുന്നു. ജനുവരിയിൽ നാലു ദിവസം മാത്രമാണ് കോഹ്‌ലി ഒന്നാമതായിരുന്നത്.

വെബ്ദുനിയ വായിക്കുക