എന്തുകൊണ്ട് ഞങ്ങള്‍ തോറ്റു; പരാജയത്തിന് കാരണമായത് എന്തെന്ന് കോഹ്‌ലി പറയുന്നു

തിങ്കള്‍, 30 മെയ് 2016 (14:00 IST)
ആവേശം നിറഞ്ഞ കലാശപ്പോരിനൊടുവിൽ ഐപിഎൽ ഒമ്പതാം സീസണിലെ കിരീടം സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയപ്പോള്‍ നെഞ്ചുതകര്‍ന്നത് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയുടേതായിരുന്നു. തോല്‍‌വിക്ക് കാരണമായത് തന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും പെട്ടെന്നുള്ള പുറത്താകലായിരുന്നു. ഹൈദരാബാദിന്റെ മികച്ച ബോളിംഗ് ആയിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.

ഞാനും എബിയും കുറച്ചുനേരം കൂടി ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ജയം ഉറപ്പായിരുന്നു. വിക്കറ്റ് മികച്ചതായിരുന്നതിനാല്‍ ജയിക്കുമെന്ന് ഉറപ്പിച്ചാണ് മത്സരത്തിന് ഇറങ്ങിയത്. ഈ സീസണില്‍ നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബാംഗ്ലൂര്‍ ആരാധകര്‍ക്കാണ് താന്‍ ഈ പ്രകടനം സമര്‍പ്പിക്കുന്നത്. നേട്ടം പ്രോത്സാഹനമേകുന്നതാണ്. എന്നാല്‍ വ്യക്തിപരമായ നേട്ടത്തേക്കാള്‍ ടീമിന്റെ വിജയത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദിന്റെ 208 റൺസെന്ന സ്‌കോർ മറികടക്കാൻ ബാംഗ്ലൂരിനായില്ല. ക്രിസ് ഗെയില്‍ പുറത്തായതിന് പിന്നാലെ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും പുറത്താകുകയായിരുന്നു. ഏറെ പ്രതീക്ഷകളുമായി ക്രീസില്‍ എത്തിയ ഷെയ്‌ന്‍ വാട്‌സണും വേഗം പുറത്തായതോടെ ഡേവിഡ് വാര്‍ണറും സംഘവും ജയം പിടിച്ചെടുക്കുകയായിരുന്നു.  സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 208. ബാംഗ്ളൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200.

വെബ്ദുനിയ വായിക്കുക