കോലി സെഞ്ചുറി നേടി 950 ദിവസം പിന്നിട്ടു, സെഞ്ചുറി വരൾച്ചയ്ക്ക് അറുതി എഡ്ബാസ്റ്റണിലോ?

Webdunia
വെള്ളി, 1 ജൂലൈ 2022 (15:04 IST)
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെന്ന് വിശേഷിക്കപ്പെടുമ്പോൾ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്ന് പോവുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. എഡ്ബാസ്റ്റണിൽ ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ ഒരു സെഞ്ചുറി പ്രകടനത്തിൽ കുറഞ്ഞ് യാതൊന്നും ആരാധകർ കോലിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.
 
അന്താരാഷ്ട്ര ക്രിക്കറ്റിൽ കോലി സെഞ്ചുറി കുറിച്ചിട്ട് 953 നാളുകൾ പിന്നിടുകയാണ്. ഇനിയും കാത്തിരിക്കാനുള്ള ക്ഷമ ആരാധകർക്കില്ല എന്നതാണ് സത്യം. ഇന്ത്യയെ സംബന്ധിച്ച് നിർഭാഗ്യവേദിയാണ് എഡ്ബാസ്റ്റണെങ്കിലും വിരാട് കോലിയുടെ ഭാഗ്യഗ്രൗണ്ടാണ് എഡ്ബാസ്റ്റണിലേത് എന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
 
2018ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു കോലി അവസാനമായി എഡ്ബാസ്റ്റണിൽ കളിച്ചത്. മത്സരം 31 റൺസിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും ആദ്യ ഇന്നിങ്ങ്സിൽ 149 റൺസും രണ്ടാം ഇന്നിങ്ങ്സിൽ 51 റൺസുമായി കോലി തിളങ്ങിയിരുന്നു. തൻ്റെ ഭാഗ്യ ഗ്രൗണ്ടിൽ കോലി ഇന്ന് വീണ്ടും ഇറങ്ങുമ്പോൾ താരത്തിൻ്റെ സെഞ്ചുറി വരൾച്ചയ്ക്ക് അറുതികാണുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2019 നവംബറിൽ ബംഗ്ലാദേശീനെതിരെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലായിരുന്നു താരത്തിൻ്റെ അവസാന അന്താരാഷ്ട്ര സെഞ്ചുറി.

അനുബന്ധ വാര്‍ത്തകള്‍

Next Article