അനായാസമായി ബാറ്റ് ചെയ്യാന്‍ അപാരമായ കഴിവുള്ള രോഹിത് ശര്‍മയുടെ വലിയ ഫാനാണ് താനെന്ന് വിരാട് കോഹ്‌ലി. അനായാസമായി കൂറ്റന്‍ ഷോട്ടുകളും നീണ്ട ഇന്നിംഗ്‌സുകളും കളിക്കാനുള്ള കഴിവാണ് രോഹിത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ കാര്യം ഞാന്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ടെന്നും കോഹ്‌ലി പറഞ്ഞു.
രോഹിത്തിനോട് തനിക്കുള്ള ആരാധനയെക്കുറിച്ച് നേരത്തെയും വ്യക്തമാക്കിയിരുന്നു. എത്ര വലിയ പ്രതിസന്ധിഘട്ടത്തിലും അദ്ദേഹം നടത്തുന്ന പ്രകടനം തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും കോഹ്‌ലി പറഞ്ഞു. സിഡ്‌നിയില്‍ നടന്ന മൂന്നാം ട്വന്റിയും ജയിച്ച് മാന്‍ ഓഫ് ദ സീരിസ് ആയശേഷമാണ് കോലി തന്റെ രോഹിത് ആരാധന വീണ്ടും പുറത്തുവിട്ടത്.
അതേസമയം, ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിരാട് കോഹ്‌ലി ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്തി. പരമ്പരയില്‍ മൂന്നു അര്‍ധ സെഞ്ചുറികള്‍ നേടിയ കോഹ്‌ലി മിന്നുന്ന പ്രകടനം നടത്തിയതോടെ 47 പോയിന്റുകളാണ് നേടിയത്.
ഓസീസിന്റെ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്ലി ഒന്നാമതെത്തിയത്. വെസ്‌റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്നാണ് ബോളറുമാരുടെ പട്ടികയില്‍ ഒന്നാമത്. വീന്‍ഡീസിന്റെ തന്നെ സാമുവല്‍ ബദരിയാണ് തൊട്ടുപിന്നില്‍. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.