‘ഫോര്‍മാറ്റ് ഏതായാലും അവന് ‘നോ പ്രോബ്ലം’, ആ ശൈലിയാണ് വിരാടിന്റെ കരുത്ത്’; തുറന്നു പറഞ്ഞ് സംഗക്കാര
ചൊവ്വ, 12 ഫെബ്രുവരി 2019 (15:25 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര. ഇതിഹാസതുല്യനായി വാഴ്ത്തപ്പെടാൻ പോകുന്ന താരമാണ് അദ്ദേഹം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമുള്ള വിരാടിന്റെ പ്രകടനം അങ്ങനെയാണ് പറയുന്നത്. നിലവിലെ താരങ്ങളില്‍ കോഹ്‌ലിക്കൊപ്പം നില്‍ക്കാന്‍ പോകുന്ന താരങ്ങളില്ലെന്നും സംഗ പറഞ്ഞു.
എല്ലാം ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പുറത്തെടുക്കുന്ന പ്രകടനം അസാമാന്യമാണ്. സ്വയം വിശ്വസിക്കുന്ന ഒരു ശൈലിയിലൂടെയാണ് അദ്ദേഹം റണ്‍സ് കണ്ടെത്തുന്നത്. മറ്റ് താരങ്ങള്‍ക്ക് ഇല്ലാത്ത ഒരു പ്രതിഭയാണിത്. സാഹചര്യങ്ങള്‍ മനസിലാക്കി ബാറ്റ് വീശാനുള്ള കഴിവ് എടുത്തുപറയേണ്ട കാര്യമാണെന്നും മുന്‍ ലങ്കന്‍ നായകന്‍ വ്യക്തമാക്കി.
മത്സരം എങ്ങനെ ആണെങ്കിലും ബാറ്റിംഗിലെ കോഹ്‌ലിയുടെ താളം ഒരു പോലെയിരിക്കും. ടെസ്‌റ്റായാലും ഏകദിനമായാലും അതിനു മാറ്റമുണ്ടാകില്ല. ഓരോ മത്സരത്തോടുമുള്ള കോഹ്‍ലിയുടെ അഭിനിവേശം ശ്രദ്ധേയമാണ്. എല്ലാ നിലയിലും സ്വയം മെച്ചപ്പെടാനുള്ള പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ട്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏറ്റെടുത്തിരുന്ന ഒരു ഉത്തരവാദിത്തം ഇനി കോഹ്‌ലിയുടെ ചുമലിലാണ്. കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷകളെ തോളേറ്റുന്ന താരമായിരുന്നു സച്ചിന്‍. കഠിനമായ ഈ ജോലി ഇനി വിരാടില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. സച്ചിനെ കണ്ടും അദ്ദേഹത്തിനൊപ്പം കളിച്ചുമാണ് ഞങ്ങൾ വളർന്നത് സംഗാക്കര വ്യക്തമാക്കി.