ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിൽ മികവിൽ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഒന്നിലെ ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെ വെസ്‌റ്റ് വിൻഡീസിന് തകർപ്പൻ വിജയം. 183 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഗെയില്‍ (100*) മുന്നില്‍നിന്നു നയിച്ചപ്പോള്‍ ആറു വിക്കറ്റിന് വിന്‍ഡീസിന് ജയം സ്വന്തമാകുകയായിരുന്നു. പതിനൊന്ന് പന്ത് ബാക്കിനില്‍ക്കെയാണ് വിന്‍ഡീസ് വിജലക്ഷ്യം മറികടന്നത്. 48 പന്തില്‍ 11 സിക്‍സറുകളുടെ അഞ്ച് ബൌണ്ടറികളുടെയും സഹായത്തോടെയാണ് ഗെയില്‍ സെഞ്ചുറി നേടിയത്. ഗെയിലാണ് കളിയിലെ താരം. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ആറു വിക്കറ്റിന് 182, വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ നാലിന് 181.
പതുക്കെ തുടങ്ങിയ ഗെയില്‍ പിന്നീട് കത്തിക്കയറുകയായിരുന്നു. മോയിൻ അലിയെ മൂന്നു തവണ നിലം തൊടാതെ അതിർത്തി കടത്തിയ ഗെയ്‌ല്‍ ടോപ് ഗിയറിലായി. ദിനേശ് രാംദിന്‍ (12), ഡ്വയിൻ ബ്രാവോ (2) എന്നിവർ ഇടയ്ക്ക് വന്നു പോയെങ്കിലും അതൊന്നും ഗെയിലിനെ ബാധിച്ചതേയില്ല. ഒടുവിൽ ആന്ദ്രെ റസലിനെ സാക്ഷി നിർത്തി (16) തനിക്ക് അവകാശപ്പെട്ട സെഞ്ചുറി സ്വന്തമാക്കിയ ഗെയിൽ പിന്നാലെ ടീമിന് വിജയവും സമ്മാനിച്ചു. മർലോൺ സാമുവൽസും (37) വിൻഡീസ് നിരയിൽ തിളങ്ങി. ട്വന്റി-20യിലെ വേഗമേറിയ മൂന്നാം സെഞ്ചുറിയാണിത്.
നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ജോ റൂട്ട് (48), ജോസ് ബട്ലര്‍ (30), അലക്സ് ഹെയ്ല്‍സ് (28), മോര്‍ഗന്‍ (27*) എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം. വിന്‍ഡീസിനായി ആന്ദ്ര റസല്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.