പരുക്കേറ്റ ഫ്‌ലച്ചറിന് പകരം ടീമിലിടം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ് തകര്‍ത്താടിയപ്പോള്‍ പൊലിഞ്ഞത് ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് സ്വപ്‌നങ്ങളായിരുന്നു. ഇന്ത്യയില്‍ നിന്ന് വിജയം തട്ടിപ്പറിച്ചപ്പോള്‍ വീണ്ടുമൊരു ലോകകപ്പ് സ്വപ്‌നം കൂടി കരീബിയന്‍ ടീമിനെ പിടികൂടുകയും ചെയ്‌തു. തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമായ കുതിപ്പിലൂടെ സെമിയിലെത്തിയെ മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും ഒടുവില്‍ പിഴയ്‌ക്കുകയായിരുന്നു. ഇന്ത്യന്‍ തോല്‍വിക്ക് നിരവധി കാരണങ്ങളുണ്ടെങ്കിലും വിന്‍ഡീസിന്റെ കലക്കന്‍ പ്രകടനത്തെ അവഗണിക്കുന്നതും തള്ളിപ്പറയുന്നതും ക്രിക്കറ്റിനോട് ചെയ്യുന്ന നീതികേടായിരിക്കും.
192 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ ടീം തോറ്റുവെന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. ബാറ്റിംഗ് നിലവാരം മുതല്‍ ബോളിംഗ് പ്രകടനത്തില്‍വരെ ധോണിക്കും സംഘത്തിനും പിഴച്ചപ്പോള്‍ കൈവിട്ടത് ലോകകപ്പ് സ്വപ്‌നങ്ങളായിരുന്നു.
1. ടോസ് എന്ന നിര്‍ഭാഗ്യം:-
നിര്‍ണായക മത്സരത്തില്‍ ടോസിലെ ഭാഗ്യം മഹേന്ദ്ര സിംഗ് ധോണിയെ തുണച്ചില്ല. ടോസ് നേടിയാന്‍ രണ്ടാമത് ബാറ്റ് ചെയ്യാനായിരുന്നു ഇന്ത്യന്‍ നായകന്റെ പദ്ധതി. ശിഖര്‍ ധവാന് പകരം അജിങ്ക്യ രഹാനെയും യുവരാജ് സിംഗിന് പകരം കുട്ടിക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡ് കൈവശമുള്ള മനീഷ് പാണ്ഡെയും ടീമില്‍ ഉള്‍പ്പെടുത്തിയതും രണ്ടാമത് ബാറ്റ് ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു.
2. രഹാനയുടെ ഇഴച്ചില്‍:-
തുടര്‍ച്ചയായി മോശം പ്രകടനം നടത്തുന്ന ശിഖര്‍ ധവാനെ ഒഴിവാക്കി അജിങ്ക്യ രഹാനെയെ ഇറക്കിയത് നോട്ടത്തിനൊപ്പം കോട്ടവും സമ്മാനിച്ചു. രഹാനെയും രോഹിത് ശര്‍മ്മയും മികച്ച തുടക്കം നല്‍കിയെങ്കിലും രോഹിത് പുറത്തായ ശേഷം രഹാനെ സ്‌ലോ ആയി. മികച്ച തുടക്കം ലഭിച്ചിട്ടും വന്‍ സ്‌കോര്‍ ലക്ഷ്യമാക്കി അടിച്ചു കളിക്കേണ്ട രഹാനെ സിംഗുളുകള്‍ മാത്രമാക്കിയപ്പോള്‍ മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് ഇല്ലാതായി. പതിനാറാം ഓവറില്‍ അദ്ദേഹം പുറത്തായപ്പോള്‍ സ്‌ട്രൈക്ക് റേറ്റ് 114 മാത്രമായിരുന്നു.
3. മധ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്താനായില്ല
രഹാനെയ്‌ക്ക് ശേഷം ധോണി ക്രീസില്‍ എത്തിയപ്പോള്‍ ഏറെ വൈകിയിരുന്നു. കോഹ്‌ലിയും ധോണിയും 180 റണ്‍സ് ലക്ഷ്യം വെച്ചുള്ള ബാറ്റിംഗായിരുന്നു നടത്തിയത്. വിക്കറ്റുകള്‍ ഇഷ്‌ടം പോലെ ഉണ്ടായിരുന്നിട്ടും ഇരുവരും സിംഗുളുകള്‍ നേടാന്‍ ശ്രമിച്ചു. ഇതിനിടെ കോഹ്‌ലി നടത്തിയ മാസ്‌മരിക പ്രകടനം 192 റണ്‍സെന്ന ടോട്ടല്‍ സമ്മാനിച്ചുവെങ്കിലും നഷ്‌ടമായത് 220ന് മുകളില്‍ എത്താവുന്ന വന്‍ സ്‌കോറാണ്. എട്ടുമുതല്‍ പതിനാലാം ഓവര്‍ വരെ മികച്ച പ്രകടനം നടക്കാതെ പോയത് വന്‍ തിരിച്ചടിയായി.
4. ക്രിസ് ഗെയിലില്‍ മാത്രമായി ശ്രദ്ധ:-
വിന്‍ഡീസിന്റെ കരുത്തായ ക്രിസ് ഗെയിലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് തിരിച്ചടിയായി. കരീബിയന്‍ ടീമിലെ മറ്റ് താരങ്ങളെ മെരുക്കാന്‍ വ്യക്‍തമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാതെ പോയത് തോല്‍വിയിലേക്ക് നയിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി തകര്‍ത്തടിക്കുന്ന സിമ്മണ്‍സിനും കൊല്‍ക്കത്തയ്‌ക്കായി ഇറങ്ങുന്ന റസലിനും വാങ്കഡേയിലെ പിച്ചിന്റെ സ്വഭാവം വ്യക്തമായി അറിയാമായിരുന്നു.
അശ്വിനും പാണ്ഡ്യയും വരുത്തിയ വലിയ പിഴവിന് വിലകൊടുക്കേണ്ടിവന്നത് ലോകകപ്പായിരുന്നു. മൂന്നു തവണെയാണ് സിമ്മണ്‍സ് പുറത്താകലിന്റെ വക്കില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ഈ ഭാഗ്യദോഷം വിന്‍ഡീസിനെ ജയത്തിലെത്തിച്ചു. ഡ്വയ്‌ന്‍ ബ്രാവോ എറിഞ്ഞ ഓമ്പതാം ഓവറില്‍ മൂന്ന് തവണയാണ് പുറത്താകലില്‍ കോഹ്‌ലി രക്ഷപ്പെട്ടത്.
6. ബോളര്‍മാരുടെ പരാജയം:-
ഇന്ത്യന്‍ ബോളര്‍മാരുടെ പരാജയ ദിനമായിരുന്നു കഴിഞ്ഞു പോയത്. 192 റണ്‍സ് എത്തിപ്പിടിക്കാന്‍ വിന്‍ഡീസ് ശ്രമിച്ചപ്പോള്‍ ഒരിക്കല്‍ പോലും നെഹ്‌റയ്‌ക്കും സംഘത്തിനും എതിരാളികളെ വിറപ്പിക്കാനായില്ല. അശ്വിന്റെ സ്‌പിന്‍ കുരുക്കില്‍ സിമ്മണ്‍സും ജോണ്‍സണ്‍ ചാള്‍സും വീഴാതെ പോയത് തിരിച്ചടിയായിരുന്നു. ആത്മവിശ്വസത്തോടെ സ്‌കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കേണ്ടിവന്നില്ല. വാങ്കഡേയിലെ മഞ്ഞ് വീണ ഗ്രൌണ്ടില്‍ ടേണ്‍ ലഭിക്കാതിരുന്നതു ഇന്ത്യക്ക് തിരിച്ചടിയായി.
7. വിന്‍ഡീസിന്റെ വിജയദാഹവും ഇന്ത്യയുടെ അമിത ആത്മവിശ്വാസവും:-
ഗെയില്‍ പുറത്തായശേഷം ഇന്ത്യ കാണിച്ച അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടി കൂടിയായിരുന്നു പരാജയം. ജയത്തിനായി പൊരുതിക്കളിച്ച വിന്‍ഡീസ് ആത്മവിശ്വാസം ഒരിക്കലും കൈവിട്ടില്ല. ഇന്ത്യയാകട്ടേ ഗെയില്‍ പോയശേഷം അമിത ആത്മവിശ്വാസത്തില്‍ എത്തുകയും കളി മറക്കുകയുമായിരുന്നു.
8. ധോണി മാജിക് ഉണ്ടായില്ല:-
അവസാന മൂന്ന് ഓവറില്‍ 32 റണ്‍സ് വേണ്ടപ്പോള്‍ മറ്റൊരു ധോണി മാജിക് ഇന്ത്യയെ ജയിപ്പിക്കുമെന്ന് കരുതിയെങ്കിലും നിര്‍ണായക മത്സരത്തിലുണ്ടായില്ല. ബോളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കിയപ്പോള്‍ നായകന് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അവസാന ഓവറുകളില്‍ നോബോളുകള്‍ പതിവായതും ഇതുവഴി ലഭിച്ച ഫ്രീഹിറ്റുകളില്‍ സിക്‍സറുകള്‍ പായിക്കുകയും ചെയ്‌ത വിന്‍ഡീസ് ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുക്കുകയായിരുന്നു.