പാണ്ഡ്യയെ സംരക്ഷിക്കേണ്ടത് എന്റെ കടമ; സ്‌മിത്തിനോട് പൊട്ടിത്തെറിക്കാനുണ്ടായ കാരണത്തെക്കുറിച്ച് കോഹ്‌ലി പറയുന്നു
ശനി, 30 ജനുവരി 2016 (18:01 IST)
ചൂടന്‍ സ്വഭാവക്കാരനായ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആദ്യ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഓസീസിന്റെ ടെസ്‌റ്റ്- ഏകദിന നായകന്‍ സ്‌റ്റീവന്‍ സ്‌മിത്ത് പുറത്തായപ്പോള്‍ കോഹ്‌ലി നടത്തിയ 'യാത്രയയപ്പ്' പ്രകടനമാണ് ചൂടന്‍ വാര്‍ത്തയായി നിറഞ്ഞു നിന്നത്.
എന്നാല്‍ ആ വാര്‍ത്തകളെ തള്ളി കോഹ്‌ലി രംഗത്ത് വന്നതോടെയാണ് പുതിയ കഥകള്‍ തലപൊക്കിയത്. സ്‌മിത്ത് പുറത്തായപ്പോള്‍ താന്‍ ആഘോഷിക്കാന്‍ കാരണം ഓസീസ് താരത്തിന്റെ പെരുമാറ്റദൂഷ്യം കൊണ്ടായിരുന്നു. അരങ്ങേറ്റക്കാരനായ ഹര്‍ദ്ദീക് പാണ്ഡ്യയുടെ ആദ്യ ഓവറില്‍ സ്‌മിത്തും ഫിഞ്ചും 19 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതിന് പിന്നാലെ സ്‌മിത്ത് പാണ്ഡ്യയെ പ്രകോപനപരമായി സംസാരിക്കുകയും ചെയ്‌തു. ടീമിലെ സീനിയര്‍ താരമെന്ന നിലയില്‍ ഒരു പുതുമുഖ താരത്തെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്. അതിനാല്‍ സ്‌മിത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് താന്‍ അമ്പയറോട് പറഞ്ഞിരുന്നു. അദ്ദേഹം ഇനിയും മോശമായി സംസാരിച്ചാല്‍ താന്‍ ഇടപെടുമെന്നും അമ്പയറോട് പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്‌മിത്ത് പുറത്താകുകയായിരുന്നു. ക്യാച്ച് എടുത്ത തനിക്ക് ഇതില്‍ കൂടുതലൊന്നും സന്തോഷിക്കാന്‍ വേണ്ടായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.
സ്‌മിത്ത് ഇയര്‍ഫോണ്‍ ഉപയോഗിച്ച് ബാറ്റിംഗിന് ഇറങ്ങിയതും കമേന്ററുമായി സംസാരിച്ചതും താന്‍ കണ്ടില്ലെന്നും കോഹ്‌ലി പറഞ്ഞു. മത്സരത്തില്‍ കോഹ്ലിയുടെ ബാറ്റിങ്ങിന്റെയും പേസര്‍ ജസ്‌പ്രീത് ബുംറയുടെയും സ്‌പിന്നര്‍മാരുടെയും മികവില്‍ ഇന്ത്യ 37 റണ്‍സിനു ജയിച്ചു.