മെല്‍‌ബണില്‍ ഇന്ത്യന്‍ വസന്തം; കോഹ്‌ലി പൊട്ടിത്തെറിച്ചപ്പോള്‍ ഓസീസ് ചാരമായി

വെള്ളി, 29 ജനുവരി 2016 (17:48 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് 27 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.185 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ മൂന്നുമത്സരങ്ങളുള്ള ട്വന്റി20 പരമ്പര ഇന്ത്യക്ക് സ്വന്തമായി.

വന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ്‌ക്ക് ആരോണ്‍ ഫിഞ്ചും (65) ഷോണ്‍ മാര്‍ഷും (23) ചേര്‍ന്ന് സ്വപ്‌ന തുല്ല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചെര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാരെ തല്ലിമെരുക്കുകയായിരുന്നു. 94 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മാര്‍ഷ് പുറത്തായതോടെയാണ് കളി ഇന്ത്യയുടെ വരുതിയിലായത്. തുടര്‍ന്നെത്തിയവര്‍ ഇന്ത്യന്‍ ബോളിംഗിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ക്രിസ് ലിന്‍ (2), ഗ്ലെന്‍ മാക്‍സ്‌വെല്‍ (1), ഷെയ്‌ന്‍ വാട്ട്‌സണ്‍ (15), മാത്യു വേഡ് (16), ജെയിംസ് ഫോക്‍നര്‍ (10), ജോണ്‍ ഹസ്‌റ്റിംഗ് (4), ആന്‍ഡ്രു റ്റൈ (4) എന്നിവര്‍ പരാജയമായതോടെ ഓസീസ് പരമ്പര കൈവിടുകയായിരുന്നു.

തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ഇന്ത്യ (184) മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ശിഖര്‍ ധാവാന്‍ (42) രോഹിത് ശര്‍മ്മ (60) സഖ്യം 97 റണ്‍സാണ് കുറിച്ചത്. തുടര്‍ന്നുവന്ന വിരാട് കോഹ്‌ലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കേര്‍ കുതിക്കുകയായിരുന്നു. 47 പന്തിൽ അഞ്ച് ഫോറുകളും രണ്ട് സിക്സറും ഉൾപ്പെടെ 60 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. 33 പന്തിൽ നിന്ന് ഏഴു ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 59 റൺസെടുത്ത കോഹ്‌ലി ഫോം തുടരുകയായിരുന്നു.  നായകന്‍ മഹേന്ദ്ര സിംഗ് ധോണി (14) റണ്‍സെടുത്തു.





വെബ്ദുനിയ വായിക്കുക