T20 World Cup 2024: വിരാട് കോലി ഓപ്പണറാകില്ല, സഞ്ജു ഇറങ്ങുക മധ്യനിരയില്‍; ഇന്ത്യയുടെ പ്ലാന്‍ ഇങ്ങനെ

രേണുക വേണു

വെള്ളി, 3 മെയ് 2024 (09:33 IST)
T20 World Cup 2024: ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലി ഓപ്പണറാകില്ല. ഐപിഎല്ലിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ കോലിയെ ഓപ്പണറാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മയേയും വിരാട് കോലിയേയും ഒന്നിച്ച് ഇറക്കി റിസ്‌ക്കെടുക്കാനില്ലെന്നാണ് സെലക്ടര്‍മാരുടെയും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റേയും തീരുമാനം. വണ്‍ഡൗണ്‍ ആയി തന്നെയാണ് കോലി ബാറ്റ് ചെയ്യാനെത്തുക. 
 
രോഹിത് ശര്‍മയ്‌ക്കൊപ്പം യഷസ്വി ജയ്‌സ്വാള്‍ ഓപ്പണറാകും. ജയ്‌സ്വാള്‍ ഇടംകൈയന്‍ ആയതിനാല്‍ ഓപ്പണിങ്ങില്‍ ലെഫ്റ്റ് - റൈറ്റ് കോംബിനേഷന്‍ ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിക്കും. വിരാട് കോലിക്ക് ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഇറങ്ങാനാണ് സാധ്യത. മധ്യനിരയിലേക്കാണ് സഞ്ജുവിനെ ആവശ്യമെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നു. നാലാം നമ്പറില്‍ ക്രീസിലെത്തുന്ന സഞ്ജുവിനു ശേഷമായിരിക്കും ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് എത്തുക. സാഹചര്യത്തിനു അനുസരിച്ച് സഞ്ജുവിന്റേയും സൂര്യയുടേയും ബാറ്റിങ് പൊസിഷന്‍ പരസ്പരം മാറ്റാനും സാധ്യതയുണ്ട്. 
 
അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ആറാമനായി ശിവം ദുബെയും ക്രീസിലെത്തും. റിഷഭ് പന്ത് പ്ലേയിങ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. രവീന്ദ്ര ജഡേജയോ അക്ഷര്‍ പട്ടേലോ ആയിരിക്കും ഏഴാം നമ്പറില്‍. കുല്‍ദീപ് യാദവ് ആയിരിക്കും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പേസ് നിരയില്‍ ഉണ്ടാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍