Sanju Samson: മലയാളി താരം സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന്റെ വിഷമത്തിലാണ് ആരാധകര്‍. ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം പിടിച്ചതോടെയാണ് സഞ്ജുവിന് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത്. സെലക്ടര്‍മാരും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സഞ്ജുവിനേക്കാള്‍ പരിഗണന ഇഷാന് നല്‍കുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി.
സഞ്ജു പ്ലേയിങ് ഇലവനില്‍ ഇല്ലെങ്കിലും സഞ്ജുവിന്റെ ജേഴ്‌സി വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കാന്‍ ഇറങ്ങി ! ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആണ് സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച് കളിക്കാന്‍ ഇറങ്ങിയത്. ഫീല്‍ഡിങ്ങിന് ഇറങ്ങിയപ്പോഴും പിന്നീട് ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജു എന്ന് എഴുതിയ ജേഴ്‌സിയാണ് സൂര്യകുമാര്‍ ധരിച്ചിരുന്നത്. സഹതാരത്തിന്റെ ജേഴ്‌സി സൂര്യകുമാര്‍ തെറ്റി ധരിച്ചതാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇടംകയ്യന്‍ ബാറ്റര്‍ ആണെന്ന ആനുകൂല്യമാണ് ഇഷാനെ ഇത്തവണ പ്ലേയിങ് ഇലവനില്‍ എത്തിച്ചത്. രവീന്ദ്ര ജഡേജയും ഇഷാന്‍ കിഷനും മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഇടംകയ്യന്‍ ബാറ്റര്‍മാര്‍. മധ്യനിരയില്‍ ഒരു ഇടംകയ്യന്‍ ബാറ്റര്‍ അത്യാവശ്യമാണെന്ന ടീം മാനേജ്‌മെന്റിന്റെ നിലപാട് സഞ്ജുവിന് തിരിച്ചടിയായി.