ട്വന്റി 20 യില്‍ പുലി, ഏകദിനത്തില്‍ എലി; സൂര്യകുമാറിനെ കൊണ്ട് ഒരു ഉപകാരവുമില്ലെന്ന് ആരാധകര്‍, ഇനി അവസരം ലഭിക്കില്ല

ശനി, 18 മാര്‍ച്ച് 2023 (12:29 IST)
സൂര്യകുമാര്‍ യാദവിന് ഏകദിനത്തില്‍ ഇനിയും അവസരങ്ങള്‍ നല്‍കരുതെന്ന് ആരാധകര്‍. ട്വന്റി 20 യില്‍ മാത്രമാണ് സൂര്യകുമാറിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നതെന്നും മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും താരം പരിപൂര്‍ണ പരാജയമാണെന്നും ആരാധകര്‍ വിമര്‍ശിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ കൂടി നിരാശപ്പെടുത്തിയതോടെയാണ് ആരാധകര്‍ സൂര്യക്കെതിരെ തിരിഞ്ഞത്. ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാനെത്തിയ സൂര്യ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. 
 
ഏകദിനത്തില്‍ 19 ഇന്നിങ്‌സുകളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് സൂര്യ ഇതുവരെ നേടിയിരിക്കുന്നത്. ഉയര്‍ന്ന സ്‌കോര്‍ 64 ! ആകെ നേടിയിരിക്കുന്നത് 433 റണ്‍സ്. ശരാശരി 27.06 മാത്രമാണ്. ട്വന്റി 20 പ്രകടനത്തിന്റെ നിഴല്‍ പോലും സൂര്യയുടെ ഏകദിന പ്രകടനത്തില്‍ കാണാനില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ട്വന്റി 20 യും ഏകദിനവും രണ്ട് ഫോര്‍മാറ്റുകള്‍ ആണെന്ന് മനസ്സിലാക്കി ബാറ്റ് ചെയ്യാന്‍ സൂര്യക്ക് ഇനിയും സാധിക്കുന്നില്ലെന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
ഏകദിനത്തിലേക്ക് എത്തുമ്പോള്‍ സൂര്യ ഒരു ഭാരമാണെന്നാണ് ആരാധകരുടെ വിമര്‍ശനം. സാഹചര്യം മനസ്സിലാക്കി മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സൂര്യക്ക് സാധിക്കുന്നില്ല. ഇനിയും അവസരങ്ങള്‍ നല്‍കി പരീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ശ്രേയസ് അയ്യര്‍ പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയാല്‍ സൂര്യകുമാറിന് ഏകദിന ടീമില്‍ നിന്ന് സ്ഥാനം നഷ്ടമാകും. സൂര്യയെ ഇനി ഏകദിനത്തിലേക്ക് പരിഗണിക്കാനും സാധ്യത കുറവാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍