ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് മതിയെന്ന് സുനില്‍ ഗവാസ്‌കര്‍. വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ബാറ്റിങ് പരിഗണിക്കുമ്പോഴും സഞ്ജു സാംസണ്‍ പന്തിന് പിന്നിലാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തില്‍ സഞ്ജു 50-60 റണ്‍സെടുത്തിരുന്നെങ്കില്‍ ഗുണമുണ്ടായേനെ എന്നും ഗവാസ്‌കര്‍ പറഞ്ഞു.
' വിക്കറ്റ് കീപ്പിങ് പരിഗണിച്ചാല്‍ സഞ്ജുവിനേക്കാള്‍ മികവ് റിഷഭ് പന്തിനാണ്. ഇപ്പോള്‍ ബാറ്റിങ് പരിഗണിക്കാതെയാണ് ഞാന്‍ പറയുന്നത്. തീര്‍ച്ചയായും ബാറ്റിങ്ങിനും വലിയ പ്രാധാന്യമുണ്ട്. റിഷഭ് പന്ത് അവസാന കുറച്ച് മത്സരങ്ങളില്‍ വളരെ നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്. അപ്പുറത്ത് ഐപിഎല്ലില്‍ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. സഞ്ജു ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോള്‍ അവസാന മത്സരങ്ങളിലേക്ക് എത്തിയതോടെ പ്രകടനം മോശമായി. അവസാന രണ്ട് മൂന്ന് മത്സരങ്ങളില്‍ നന്നായി റണ്‍സെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അതുകൊണ്ട് ബംഗ്ലാദേശിനെതിരായ മത്സരം സഞ്ജുവിന് വലിയൊരു അവസരമായിരുന്നു. 50-60 റണ്‍സെങ്കിലും എടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമില്ലായിരുന്നു,' ഗവാസ്‌കര്‍ പറഞ്ഞു.