'എന്തൊരു പഹയന്‍'; ബ്രോഡിനെ പഞ്ഞിക്കിട്ട് ബുംറ, ഒരോവറില്‍ വഴങ്ങിയത് 35 റണ്‍സ് !

ശനി, 2 ജൂലൈ 2022 (16:29 IST)
ട്വന്റി 20 യില്‍ യുവരാജ് സിങ് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറ് സിക്‌സര്‍ പറത്തിയത് ഓര്‍മയില്ലേ? ബ്രോഡ് പിന്നീട് ലോകോത്തര പേസ് ബൗളറായി മാറിയെങ്കിലും അന്ന് യുവരാജ് ആറ് പന്തും അതിര്‍ത്തി കടത്തിയത് ഒരു ദുസ്വപ്‌നമായാണ് താരം കാണുന്നത്. ഇപ്പോള്‍ ഇതാ മറക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു മോശം ഓവര്‍ ബ്രോഡ് എറിഞ്ഞിരിക്കുന്നു. എഡ്ജ്ബാസ്റ്റണിലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെയാണ് ഒരു ഓവറില്‍ ബ്രോഡ് 35 റണ്‍സ് വഴങ്ങിയത് ! ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം ഇത്രയും ഉയര്‍ന്ന റണ്‍സ് ഒരോവറില്‍ വഴങ്ങുന്നത്. 
 
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 84-ാം ഓവറിലാണ് ബ്രോഡ് 35 റണ്‍സ് വഴങ്ങിയത്. അതില്‍ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ അടിച്ചെടുത്തത് 29 റണ്‍സ്, എക്‌സ്ട്രാസ് ആയി വഴങ്ങിയത് ആറ് റണ്‍സും ! ബുംറ ബ്രോഡിനെ നാല് ഫോറും രണ്ട് സിക്‌സും പായിച്ചു. ഒപ്പം ഒരു സിംഗിളും. അങ്ങനെ മൊത്തം 29 റണ്‍സാണ് ബ്രോഡിന്റെ ഓവറില്‍ ബുംറ അടിച്ചെടുത്തത്. അത് കൂടാതെയാണ് ആറ് റണ്‍സ് എക്‌സ്ട്രാസ് ആയി വഴങ്ങിയത്. ബുംറ 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍