ഈ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം സഞ്ജുവിനാണ്; എത്ര മണ്ടത്തരങ്ങളാണ് ആവര്‍ത്തിച്ചത് !

Webdunia
വ്യാഴം, 20 ഏപ്രില്‍ 2023 (09:12 IST)
മുന്‍പും പാളിച്ചകള്‍ പറ്റിയ തീരുമാനങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ബാറ്റിങ് ഓര്‍ഡറിലെ പിഴവാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ തോല്‍ക്കാന്‍ പ്രധാന കാരണമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നായകനെന്ന നിലയില്‍ സഞ്ജുവിനാണെന്നും ആരാധകര്‍ പ്രതികരിച്ചു. 
 
ഈ സീസണില്‍ ദേവ്ദത്ത് പടിക്കലിന്റെ മെല്ലപ്പോക്ക് പല തവണയായി രാജസ്ഥാന് തലവേദനയാകുന്നുണ്ട്. ട്വന്റി 20 യില്‍ ഓപ്പണര്‍ എന്ന നിലയില്‍ മാത്രം തിളങ്ങുന്ന താരത്തെ വീണ്ടും മധ്യനിരയില്‍ ബാറ്റ് ചെയ്യിപ്പിച്ചത് എന്ത് തന്ത്രമാണെന്നാണ് ആരാധകരുടെ ചോദ്യം. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ നാലാമതായാണ് പടിക്കല്‍ ബാറ്റ് ചെയ്യാനെത്തിയത്. പടിക്കലിന്റെ കളി രീതി ഇതുവരെ മനസ്സിലാക്കാന്‍ രാജസ്ഥാന്‍ നായകന് സാധിച്ചിട്ടില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. 
 
ട്വന്റി 20 യില്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കുന്ന ജേസണ്‍ ഹോള്‍ഡറെ ബാറ്റ് ചെയ്യാന്‍ പോലും ഇറക്കാത്തതാണ് മറ്റൊരു വീഴ്ച. മോശം ഫോമിലുള്ള റിയാന്‍ പരാഗിനേക്കാള്‍ വിശ്വസിക്കാന്‍ പറ്റുന്ന ബാറ്ററാണ് ജേസണ്‍ ഹോള്‍ഡര്‍. ക്രീസില്‍ താളം കണ്ടെത്തിയാല്‍ അപകടകാരി. അങ്ങനെയൊരു താരത്തെ ഡഗ്ഔട്ടില്‍ ഇരുത്തി പകരം തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന റിയാന്‍ പരാഗിനെ ഇറക്കി വിട്ടത് ശരിയായില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. 
 
ഈ സീസണില്‍ രാജസ്ഥാന് വേണ്ടി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ് ധ്രുവ് ജുറല്‍. ഏഴാമനായാണ് ലഖ്‌നൗവിനെതിരെ ജുറല്‍ ക്രീസിലെത്തിയത്. അപ്പോഴേക്കും കളി രാജസ്ഥാന്‍ കൈവിടാന്‍ തുടങ്ങിയിരുന്നു. ദേവ്ദത്ത് പടിക്കലിനെയോ റിയാന്‍ പരാഗിനെയോ ഇറക്കിയ സമയത്ത് ജുറലിനെ ഇറക്കിയിരുന്നെങ്കില്‍ കളിയുടെ ഫലം ഇതാകുമായിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു. 
 
ജോസ് ബട്‌ലര്‍ക്ക് വേണ്ടി സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞ സഞ്ജുവിന്റെ തീരുമാനത്തിനും വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ട്. നാല് പന്തില്‍ രണ്ട് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 13-ാം ഓവറിലാണ് സഞ്ജുവിന്റെ റണ്‍ഔട്ട്. ജോസ് ബട്ലര്‍ സിംഗിളിനായി ശ്രമിച്ച പന്തില്‍ ഓടിയപ്പോഴാണ് സഞ്ജു പുറത്തായത്. 
 
ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്ക് കളിച്ച പന്തില്‍ അതിവേഗ സിംഗിളിനായി ജോസ് ബട്ലര്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടിയെത്താന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ സഞ്ജു ആദ്യം സിംഗിള്‍ നിഷേധിക്കുന്നുണ്ട്. അപ്പോഴേക്കും ബട്ലര്‍ ക്രീസില്‍ നിന്ന് പുറത്തിറങ്ങി. ബട്ലറുടെ വിക്കറ്റ് സംരക്ഷിക്കാന്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് സഞ്ജു സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുകയായിരുന്നു. അതായത് ബട്ലര്‍ക്ക് വേണ്ടി അറിഞ്ഞുകൊണ്ട് സഞ്ജു തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. 
 
ആരാധകരെ ഇത് ചെറിയ തോതിലൊന്നും അല്ല ചൊടിപ്പിച്ചത്. സഞ്ജു അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഒരിക്കലും സിംഗിള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത പന്തായിരുന്നു അത്. ബട്ലറോട് തിരിച്ച് പോകാനാണ് സഞ്ജു ആവശ്യപ്പെടേണ്ടിയിരുന്നത്. ക്രിക്കറ്റ് ത്യാഗത്തിന്റെ കളിയൊന്നും അല്ലെന്ന് സഞ്ജു മനസിലാക്കണം. നൂറില്‍ താഴെ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുകയായിരുന്ന ബട്ലറെ സംരക്ഷിക്കുന്നതിനേക്കാള്‍ സഞ്ജു അവിടെ തുടരുന്നത് തന്നെയായിരുന്നു ആ സമയത്ത് ടീമിന് ഗുണകരമെന്നും ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു വിവേകത്തോടെ ആ സാഹചര്യത്തെ നേരിടേണ്ടിയിരുന്നെന്നും ആരാധകര്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article