ക്രിക്കറ്റ് 'ദൈവത്തിന്റ' കന്നി സെഞ്ച്വറിക്കിന്ന് 24വയസ്

Webdunia
വ്യാഴം, 14 ഓഗസ്റ്റ് 2014 (18:04 IST)
ക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവുമായ ഇന്ത്യാക്കാരുടെ മനസിലേക്ക് കുറിച്ച സച്ചിന്റെ കന്നി സെഞ്ച്വറിക്കിന്ന് 24 വര്‍ഷം.1990 ഓഗസ്റ്റ് 14-ന് ഇംഗ്ളണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആ അമൂല്യനിമിഷം നടന്നത്. അവിടിന്ന് ഇങ്ങോട്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട നിമിഷങ്ങളില്‍ സച്ചിന്‍ കുറിച്ചത് നൂറ് സെഞ്ചുറികള്‍.

1989 നവംബര്‍ 15-ന് പാക്കിസ്ഥാനെതിരെ അരങ്ങേറ്റം നടത്തിയെങ്കിലും ആ ഇന്നിഗ്‌സ് അത്ര മികച്ചതായിരുന്നില്ല. പിന്നീട് തന്റെ ആദ്യ സെഞ്ച്വറി നേടാന്‍ സച്ചിന് 9 ടെസ്റ്റുകളും 9 മാസവും കാത്തിരിക്കേണ്ടി വന്നു. 1990 ഓഗസ്റ്റ് 14-ന് ഇംഗ്ളണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഒടുവില്‍ അത് സംഭവിച്ചത്. ഇംഗളണ്ട് ഉയര്‍ത്തിയ 408സെന്ന വന്‍ ടോട്ടല്‍ ഇന്ത്യക്ക് ബാലികേറാ മലയായിരുന്നു. വിജയം കൊതിച്ച ഇംഗളീഷ് നിരയ്ക്ക് മുന്നിലേക്ക് സച്ചിനെന്ന കൗമാരക്കാരന്‍ അവതരിക്കുകയായിരുന്നു.

ആ നിമിഷം ഇന്ത്യക്ക് ആവശ്യം വന്‍ ടോട്ടലായിരുന്നു. ആറാമനായി സച്ചിന്‍ ക്രീസിലെത്തുമ്പോഴേക്കും 109 റണ്‍സിനിടെ നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പവിലിയനില്‍ മടങ്ങിയെത്തിക്കഴിഞ്ഞിരുന്നു. നാലു ദിവസത്തെ പഴക്കം മൂലം വേഗം കുറഞ്ഞ പിച്ചില്‍ ഇംഗളണ്ട്  ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് അക്രമണോത്സുകമായ ഫീല്‍ഡൊരുക്കി. നാലു സ്ലിപ്പും ഷോര്‍ട്ട് ലെഗും ഓഫ് സൈഡില്‍ ഫീല്‍ഡര്‍മാരുടെ മതിലും തീര്‍ത്ത് ഗൂച്ച് ഫീല്‍ഡിംഗ് ശക്തമാക്കി.

ബൌളിംഗ് ശക്തമായതോടെ സച്ചിനും ശക്തനായി. തന്റെ പൊക്ക കുറവും ആരോഗ്യ സ്ഥിതിയും മനസിലാക്കിയ സച്ചിന്‍ ഓഫ് സൈഡില്‍ പഴുതുകള്‍ കണ്ടെത്തി. സ്‌ക്വയര്‍ കട്ടുകളും ഡ്രൈവുകളും ഓഫ് സൈഡിലെ ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ ബൌണ്ടറികള്‍ പാഞ്ഞു. ആവശ്യത്തിനു മാത്രം ആക്രമം അഴിച്ചുവിട്ടും ഓഫ് സ്റ്റംമ്പിനു പുറത്തു വരുന്ന പന്തുകള്‍ പ്ലേസ് ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യം കാണിക്കുകയും ചെയ്‌ത സച്ചിന്റെ ബാറ്റിംഗ് വിസ്മയം കണ്ട ഇംഗളീഷ് നിര ആ കുറിയ മനുഷ്യനു നേരെ ബൌണ്‍സറുകള്‍ പായിച്ചു.

എന്നാല്‍ ഓഫ് സ്റ്റംപിനു പുറത്ത് കുത്തി ഉയര്‍ന്നു വന്ന ഒരു പന്ത് അപ്പര്‍ കട്ട് ചെയ്ത് സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്ക് മുകളിലൂടെ സച്ചിന്‍ നേടിയ ബൌണ്ടറി കണ്ട് ഇംഗളണ്ട് ക്യാപ്‌റ്റന്‍ ഗ്രഹാം ഗൂച്ച് പകച്ചു പോയി. കാരണം ഒരു മുതിര്‍ന്ന താരമോ ഏകദിന കളികളിലോ ആരും ഉപയോഗിക്കാത്ത ഷോട്ട് ആയിരുന്നു അത്. ഫ്രേസറിനെ സ്‌ട്രൈറ്റ് ഡ്രൈവിലൂടെ മിഡ് ഓഫിലേക്ക് അടിച്ച് രണ്ടു റണ്‍സെടുത്ത് സെഞ്ച്വറിയില്‍ എത്തുമ്പോഴേക്കും സച്ചിന്‍ 14 ബൗണ്ടറികള്‍ അടിച്ചു കൂട്ടിയിരുന്നു.

ഒടുവില്‍ കളി തീരാന്‍ രണ്ടോവര്‍ ബാക്കി നില്‍ക്കേ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രാഹാം ഗൂച്ച് കളിയവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ 183 പന്തില്‍ 17 ബൗണ്ടറികളോടെ 119 റണ്‍സുമായി സച്ചിന്‍ ക്രീസിലുണ്ടായിരുന്നു. ഒപ്പം ഇന്ത്യക്ക് സമനിലയും സച്ചിനെന്ന വിസ്‌മയത്തിന്റെ വരവുമായിരുന്നു ആ ടെസ്‌റ്റില്‍ കണ്ടത്.