ഹാർദ്ദിക്കിനെ വാഴ്ത്തി രോഹിത്, കണ്ണീരടക്കാനാവാതെ ഹാർദ്ദിക്, എല്ലാത്തിനും സാക്ഷിയായി വാംഖഡെ

അഭിറാം മനോഹർ

വെള്ളി, 5 ജൂലൈ 2024 (10:27 IST)
ടി20 ലോകകപ്പിലെ ഇന്ത്യന്‍ വിജയത്തില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സേവനങ്ങളെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയാഘോഷ പരിപാടിക്കിടെയാണ് ഹാര്‍ദ്ദിക്കിന്റെ പുകഴ്ത്തികൊണ്ട് രോഹിത് സംസാരിച്ചത്. ലോകകപ്പിന്റെ ക്രെഡിറ്റിലെ വലിയ ഭാഗം ഹാര്‍ദ്ദിക്കിന് കൂടി അവകാശപ്പെട്ടതാണെന്ന് മുംബൈ കാണികള്‍ക്ക് മുന്നില്‍ രോഹിത് പറഞ്ഞു. മത്സരത്തില്‍ ഡേവിഡ് മില്ലറുടെ നിര്‍ണായക വിക്കറ്റടക്കം 3 വിക്കറ്റുകള്‍ ഹാര്‍ദ്ദിക് സ്വന്തമാക്കിയിരുന്നു.
 
അതേസമയം ഒരിക്കല്‍ തന്നെ അപമാനിച്ചുവിട്ട കാണികള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെയാണ് ഹാര്‍ദ്ദിക് രോഹിത്തിന്റെ പ്രസംഗം കേട്ടിരുന്നത്. 2024ലെ ഐപിഎല്ലില്‍ ഉടനീളം മോശം പ്രതികരണമാണ് മുംബൈ കാണികളില്‍ നിന്നും ഹാര്‍ദ്ദിക്കിന് നേരിടേണ്ടി വന്നത്. അതേ കാണികള്‍ക്ക് മുന്നില്‍ കയ്യടികളോടെയും ഹാര്‍ദ്ദിക് വിളികള്‍ കേട്ടും ഇരിക്കേണ്ടി വന്നതോടെ താരം വികാരാധീനനാവുകയായിരുന്നു.
 
 ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ 24 പന്തില്‍ 26 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ സൗത്താഫ്രിക്ക നില്‍ക്കുമ്പോള്‍ ഏറെ നിര്‍ണായകമായ ഹെന്റിച്ച് ക്ലാസന്റെയും അവസാന ഓവറില്‍ വമ്പനടിക്കാരന്‍ ഡേവിഡ് മില്ലറെയും മടക്കിയത് ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. അവസാന ഓവറില്‍ 15 റണ്‍സ് ഡിഫെന്‍ഡ് ചെയ്യണമെന്ന ഘട്ടത്തില്‍ 8 റണ്‍സ് മാത്രമാണ് ഹാര്‍ദ്ദിക് വിട്ടുനല്‍കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍