‘നിങ്ങളുടെ നിര്‍ദേശം നടക്കില്ല’; വിരാടിനെതിരെ രോഹിത് രംഗത്ത് - ചര്‍ച്ചയില്‍ കോഹ്‌ലി ഒറ്റപ്പെട്ടു
വ്യാഴം, 8 നവംബര്‍ 2018 (18:16 IST)
ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യൻ പേസ് ബോളർമാർക്ക് വരുന്ന ഐപിഎൽ സീസണില്‍ വിശ്രമം അനുവദിക്കണമെന്ന ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നിര്‍ദേശം എതിര്‍ത്ത് രോഹിത് ശർമ.
മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലോ ഫൈനലിലോ എത്തുകയോ ബുമ്ര കളിക്കാൻ ഒരുക്കവുമാണെങ്കില്‍ വിശ്രമം അനുവദിക്കാൻ താൻ തയാറല്ലെന്നാണ് ഇന്ത്യൻ ഉപനായകൻ കൂടിയായ രോഹിത് വ്യക്തമാക്കിയത്. ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയുടെ ചെയർമാനായ വിനോദ് റായിയോടാണ് അദ്ദേഹം നിലപാടറിയിച്ചത്.
ഇതോടെ കോഹ്‌ലിയുടെ നിര്‍ദേശത്തിനെതിരെ സ്വന്തം പാളയത്തില്‍ നിന്നും എതിര്‍പ്പ് ശക്തമായി.
ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം നടത്തിയ നാണംകെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതി മുമ്പാകെയാണ് കോഹ്‌ലി നിര്‍ദേശം വെച്ചത്.
കോഹ്‌ലിക്ക് പുറമെ ചീഫ് സിലക്ടർ എം എസ് കെ പ്രസാദ്, പരിശീലകൻ രവി ശാസ്ത്രി, രോഹിത്, അജിങ്ക്യ രഹാനെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ കോഹ്‌ലിയുടെ നിര്‍ദേശം തള്ളുന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്.
പ്രമുഖ താരങ്ങളെ കളിപ്പിക്കാതിരിക്കാനുള്ള നിർദ്ദേശം ഐപിഎൽ ഫ്രാഞ്ചൈസികൾ അംഗീകരിക്കില്ലെന്നും വിശ്രമം അനുവദിച്ചാൽ ലോകകപ്പിനു മുമ്പ് രണ്ടു മാസം താരങ്ങൾ കളത്തിൽനിന്ന് മാറിനിൽക്കേണ്ടി വരുമെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
ലേലത്തിൽ വിളിച്ചെടുക്കുന്ന താരങ്ങളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താനാണ് ഐപിഎൽ ടീമുകൾ ശ്രമിക്കുകയെന്നു ചൂണ്ടിക്കാട്ടിയ ഒരു വിഭാഗം, ജോലിഭാരം ക്രമീകരിക്കാനുള്ള സംവിധാനം ഒരുക്കാവുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി. ഇതോടെയാണ് കോഹ്‌ലിയുടെ നിര്‍ദേശത്തിനെതിരെ പാളയത്തില്‍ തന്നെ എതിര്‍ ശബ്ദം ഉയര്‍ന്നത്.
ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിക്കണമെന്നും ഐപിഎല്ലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഇവര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്‌ടം ബിസിസിഐ നികത്തണമെന്നുമാണ് കോഹ്‌ലി ആവശ്യപ്പെട്ടത്. അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.