ലോകകപ്പിൽ ഇന്ത്യയുടെ ആറാം ബൗളർ കോലിയോ? രോഹിത് ശർമയുടെ മറുപടി ഇങ്ങനെ

വ്യാഴം, 21 ഒക്‌ടോബര്‍ 2021 (20:06 IST)
ടി20 ലോക‌കപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യയെ ഏറെ അലട്ടുന്നത് ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയുടെ കായികക്ഷമതയാണ്. ബാറ്റിങ് ഓൾ‌റൗണ്ടർ എന്ന നിലയിലാണ് ഹാർദ്ദിക് ടീമിലെത്തിയതെങ്കിലും സമീപകാലത്തൊന്നും ഹാർദ്ദിക് പന്തെറിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ രണ്ട് സന്നാഹമത്സരത്തിലും  താരം ബാറ്റിംഗിന് മാത്രമാണ് ഇറങ്ങിയത്.ഇതോടെ ആരായിരിക്കും ഇന്ത്യയുടെ ആറാം ബൗളർ എന്നതിനെ പറ്റിയുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്.
 
ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ സന്നാഹമത്സരത്തിൽ ഇന്ത്യൻ നായകനായ വിരാട് കോലി രണ്ട് ഓവറുകൾ ബൗൾ ചെയ്‌തിരുന്നു. ഇതിനെ പറ്റി ഇപ്പോൾ വിശദമാക്കിയിരിക്കുകയാണ് ടീം വൈസ് ക്യാപ്‌റ്റനായ രോഹിത് ശർമ. ഹാര്‍ദിക് നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ആറാം ബൗളറെ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ടീം. ഇതിന്റെ ഭാഗമായാണ് കോലി പന്തെറിഞ്ഞത്.
 
 മികച്ച ബൗളിംഗ് നിരയുണ്ടെങ്കിലും മത്സരത്തില്‍ ആറാം ബൗളര്‍ അനിവാര്യമാണ്. പുതിയ പരീക്ഷണം ലോകകപ്പിലും പ്രതീക്ഷിക്കാം. രോഹിത് വ്യക്തമാക്കി. അതേസമയം ലോകകപ്പിൽ ഹാർദ്ദിക് ആരോഗ്യം വീണ്ടെടുത്ത് പന്തെറിയുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍