ഏഷ്യാകപ്പിനില്ലെന്നുറപ്പിച്ച് പാകിസ്ഥാന്‍, പുതിയ ടൂര്‍ണമെന്റ് പദ്ധതികളുമായി ബിസിസിഐ

വ്യാഴം, 8 ജൂണ്‍ 2023 (15:00 IST)
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറുന്നു. ഇത്തവണ പാകിസ്ഥാനില്‍ നടക്കേണ്ട എഷ്യാകപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഏഷ്യാകപ്പിന് പറ്റി അനിശ്ചിതത്വം ഉടലെടുത്തത്. ടൂര്‍ണമെന്റ് നടത്തിപ്പിനായി പാകിസ്ഥാന്‍ ഹൈബ്രിഡ് മോഡല്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് സ്വീകരിക്കാനും ബിസിസിഐ തയ്യാറായിരുന്നില്ല. ശ്രീലങ്ക,ബംഗ്ലാദേശ്,അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുകളും ഇന്ത്യയ്‌ക്കൊപ്പം നിന്നതൊടെയാണ് ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാനുള്ള തീരമാനത്തിലേക്ക് പാകിസ്ഥാന്‍ എത്തിയിരിക്കുന്നത്.
 
അതേസമയം പാകിസ്ഥാന്‍ പിന്മാറിയതോടെ ഏഷ്യാകപ്പിന്റെ പ്രസക്തി തന്നെ നഷ്ടമാകും. ടൂര്‍ണമെന്റിന്റെ സംപ്രേക്ഷാണാവകാശം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പുനര്‍നിര്‍ണയിക്കേണ്ടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ഏഷ്യാകപ്പിന് പകരമായി ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ ടീമുകളെ മാത്രം ഉള്‍പ്പെടുത്തി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. പാകിസ്ഥാന്‍ ഏഷ്യാകപ്പില്‍ നിന്നും പിന്മാറിയതോടെ ഏകദിന ലോകകപ്പിലെ പാകിസ്ഥാന്റെ സാന്നിധ്യവും അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. വരുന്ന ദിവസങ്ങളില്‍ ഇതിനെ പറ്റി വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍