ദയവുചെയ്ത് ഞങ്ങളോട് ഇനിയും അരുത്..., പാകിസ്ഥാനോടോ, വിന്റീസിനോടോ ഒക്കെ ശ്രമിക്കൂ, രോഹിതിനോട് അപേക്ഷിച്ച് ബ്രെറ്റ് ലി
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചറികളൂടെ റെക്കോർഡ് ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മയുടെ പേരിലാണ്. മൂന്ന് ഇരട്ട സെഞ്ചറികളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 2013ൽ ശക്തരായ ഓസ്ട്രേലിയയ്ക്കെതിരെ ഇരട്ട ശതകം നേടിയാണ് ഡബിൾ സെഞ്ചറി ക്ലബ്ബിലേക്ക് രോഹിത് ശർമ്മ അംഗമാകുന്നത്. ഇനിയും തങ്ങൾക്കെതിരെ ഇരട്ട സെഞ്ച്വറിക്ക് രോഹിത് ശ്രമിക്കരുത് എന്ന രസകരമായ ഒരു ആവശ്യവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് മുൻ ഓസിസ് പേസർ ബ്രെറ്റ് ലി.
വിൻഡീസിനെതിരെയോ പാകിസ്ഥാന് എതിരെയോ അതിന് ശ്രമിച്ചോളു എന്നാണ് ബ്രെറ്റ്ലി തമാശയെന്നോണം പറയുന്നത്. ഇനിയും ഒരുപാട് ഇരട്ട സെഞ്ചറികൾ നേടാന്‍ രോഹിത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ദയവായി ഓസ്‌ട്രേലിയക്കെതിരെ ഇനിയും അതിന് ശ്രമിയ്ക്കരുത്. .മറ്റെതെങ്കിലും രാജ്യത്തിനെതിരെ, പാകിസ്ഥാനെതിരെയോ, വെസ്റ്റ് ഇന്‍ഡീസിനെതിരെയോ ഒക്കെ ശ്രമിയ്ക്കൂ,
രോഹിതിൽ ഇനിയുമേറെ ക്രിക്കറ്റ് ബാക്കിയുണ്ട്. രോഹിത്തിന്റെ ബാറ്റിന്റെ സൗണ്ടാണ് രോഹിത്തിലേക്ക് ആദ്യം എന്റെ ശ്രദ്ധ കൊണ്ടുവന്നത്. 2007ല്‍ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ എത്തിയപ്പോഴായിരുന്നു അത് ഞാൻ ശ്രദ്ധിച്ചത്. ബാറ്റിന്റെ നടുക്ക് കൃത്യമായി പന്ത് കൊള്ളുമ്പോൾ ഉണ്ടാകുന്ന ശബ്ദം പ്രത്യേകതയുള്ളതാണ് ലി പറഞ്ഞു. ആദ്യ ഇരട്ട സെഞ്ച്വറിയ്ക്ക് ശേഷം. 2014ല്‍ രോഹിത് വീണ്ടും ഇരട്ട ശതകത്തിലേക്ക് എത്തി. ശ്രീലങ്കയായിരുന്നു എതിരാളികള്‍. 2017ല്‍ ലങ്കയ്ക്കെതിരെ തന്നെ വീണ്ടും രോഹിത് ഇരട്ട ശതകം സ്വന്തമാക്കി.