ന്യൂസിലൻഡിന് മുമ്പിൽ നാണംകെട്ട് കോലിപ്പട, ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ തോൽവി

അഭിറാം മനോഹർ

തിങ്കള്‍, 24 ഫെബ്രുവരി 2020 (08:55 IST)
ന്യൂസിലൻഡിനെതിരായ വെല്ലിങ്ങ്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ തോൽവി. മത്സരത്തിൽ ഒരു ദിവസം ശേഷിക്കെയാണ് ടെസ്റ്റ് റാങ്കിങ്ങിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഒന്നാമതായുള്ള ഇന്ത്യ ന്യൂസിലൻഡിനോട് പത്ത് വിക്കറ്റ് തോൽവിയെന്ന നാണക്കേട് സ്വന്തമാക്കിയത്. ഐസിസി ലോക ടെസ്റ്റ് ചാമ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്.
 
ആദ്യ ഇന്നിങ്സിലെ മോശം പ്രകടനത്തോടെ തന്നെ 183 റൺസിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വെറും 191 റൺസെടുത്ത് പുറത്തായപ്പോൾ ഒമ്പത് റൺസ് വിജയലക്ഷ്യമെന്നത് പൂർത്തിയാക്കുന്ന ചടങ്ങ് മാത്രമേ ന്യൂസിലൻഡിനുണ്ടായിരുന്നുള്ളു. ഇത് വെറും 1.4 ഓവറിലാണ് വിക്കറ്റ് നഷ്ടമില്ലാതെ ന്യൂസിലൻഡ് മറികടന്നതോടെ 100 ടെസ്റ്റ് വിജയങ്ങളെന്ന നേട്ടം മത്സരത്തിൽ കിവികൾ സ്വന്തമാക്കി.
 
ഇന്ത്യയുടെ ഓപ്പണർ മായങ്ക് അഗർവാളിനൊഴികെ (58) ആർക്കും തന്നെ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 29 റൺസെടുത്ത വൈസ് ക്യാപ്‌റ്റൻ അജിങ്ക്യ രഹാനെ,25 റൺസെടുത്ത റിഷഭ് പന്ത് എന്നിവരാണ് ഇന്ത്യൻ നിരയിൽ 20 റൺസ് തികച്ച മറ്റ് ബാറ്റ്സ്മാന്മാർ. ന്യൂസിലൻഡിനായി ടിം സൗത്തി അഞ്ചും ട്രെൻഡ് ബോൾട്ട് നാലും വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി 9 വിക്കറ്റുകൾ വീഴ്ത്തിയ ടിം സൗത്തിയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് 1-0ത്തിന് മുന്നിലെത്തി.
 
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 165ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 348റൺസിന് പുറത്താവുകയായിരുന്നു. കിവികൾക്കായി കെയ്-ൻ വില്യംസൺ 89 റൺസെടുത്തപ്പോൾ ജാമിസണ്‍ (44), റോസ് ടെയ്‌ലര്‍ (44), ട്രെന്റ് ബോള്‍ട്ട് (38) എന്നിവർ മികച്ച പിന്തുണ നൽകി.ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശര്‍മ അഞ്ചു വിക്കറ്റ് വീഴ്ത്തി. രവിചന്ദ്ര അശ്വിൻ 3 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ഇന്ത്യയുടെ സ്റ്റാർ ബൗളർമാരായ ജസ്പ്രീത് ബു‌മ്രക്കും മുഹമ്മദ് ഷമിക്കും ഓരോ വിക്കറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍