മുംബൈയുടെ പ്രതീക്ഷകൾ ഇനിയും അസ്‌തമിച്ചിട്ടില്ല, പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (18:47 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്വപ്‌ന ടീമെന്ന വിശേഷണം ഏറ്റുവാങ്ങികൊണ്ടായിരുന്നു പതിനാലാം ഐപിഎല്ലിന് മുംബൈ ഇന്ത്യൻസ് എത്തിയത്. എന്നാൽ ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് അടുക്കുമ്പോൾ ഹാട്രിക് തോൽവിയടക്കം ആറ് മത്സരങ്ങൾ തോറ്റ മുംബൈ പോയന്റ് പട്ടികയിൽ 8 പോയന്റുമായി ഏഴാമതാണ്.
 
സൂപ്പർ താരങ്ങൾ ടീമിലുണ്ടെങ്കിലും മധ്യനിരയുടെ പരാജയമാണ് ടീമിനെ തളർത്തുന്നത്. എന്നാൽ പല തവണ വലിയ തോൽവികളിൽ നിന്നും തിരിച്ചുവന്ന ചരിത്രം മുംബൈ ടീമിനുണ്ട്. ഇനിയും നാല് മത്സരങ്ങൾ മാത്രമാണ് മുംബൈയ്ക്കുള്ളത്. എങ്കിലും മുംബൈയ്ക്ക് ഇപ്പോഴും പ്ലേ ഓഫ് സാധ്യതകളുണ്ട്.
 
പ്ലേ ഓഫിലെത്താൻ10 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയ്ക്ക് ഇനിയുള്ള നാല് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്.പഞ്ചാബ്,ഡല്‍ഹി ക്യാപിറ്റല്‍സ്,രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുമായാണ് മുംബൈക്ക് ശേഷിക്കുന്ന മത്സരങ്ങള്‍.ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്ന് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ജയിക്കുകയും ഒരു മത്സരം തോല്‍ക്കുകയും ചെയ്താല്‍ 14 പോയിന്റാവും മുംബൈക്ക് ലഭിക്കുക.
 
രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും 10 മത്സരത്തില്‍ നിന്ന് 8 പോയിന്റുമായി മുംബൈക്ക് ഒപ്പമാണ്. മുംബൈ വിജയിക്കുന്നതിനൊപ്പം തന്നെ ഈ ടീമുകൾ പരാജയപ്പെടുക കൂടി ചെയ്‌താൽ മുംബൈയ്ക്ക് മുന്നിൽ പ്ലേ ഓഫ് സാധ്യത തുറക്കാൻ ഇടയുണ്ട്. ചെന്നൈയും, ഡൽഹിയുമാണ് പ്ലേ ഓഫ് സാധ്യതകൾ ഏറെ കുറെ ഉറപ്പിച്ച രണ്ട് ടീമുകൾ.
 
10 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ആര്‍സിബി മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് ജയം കൂടി നേടിയാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. 10 മത്സരത്തില്‍ നിന്ന് 8 പോയിന്റുള്ള കെകെആറിനും ശേഷിക്കുന്ന മത്സരങ്ങളില്‍ മൂന്ന് മത്സരത്തിലെങ്കിലും ജയിക്കണം എന്ന സ്ഥിതിയാണ്. അതിനാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ വിജയിക്കുകയാണെങ്കിൽ മുംബൈയ്ക്ക് മുന്നിൽ പ്ലേ ഓഫ് വാതിൽ തുറക്കപ്പെടാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍