പെര്‍ത്തിലാണ് കളി; ധോണിക്ക് പലതും തെളിയിക്കണം, യുവനിരയുമായി സ്‌മിത്ത്- പരമ്പരയ്‌ക്ക് നാളെ തുടക്കം

Webdunia
തിങ്കള്‍, 11 ജനുവരി 2016 (16:13 IST)
ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം. ലോകത്തെ ഏറ്റവും വേഗമേറിയ പിച്ചുകളിലൊന്നായ പെര്‍ത്തില്‍ രാവിലെ 8.50 മുതലാണ് മത്സരം നടക്കുക. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുന്നത്.

പേസും ബൌണ്‍‌സും നിറഞ്ഞ പെര്‍ത്തിലെ പിച്ചുകളില്‍ ജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് മഹേന്ദ്ര സിംഗ് ധോണിയും സംഘവും. രണ്ടു പരിശീലന മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടി വിജയസാധ്യത നിലനിര്‍ത്തിയെങ്കിലും പേസര്‍
മുഹമ്മദ് ഷാമി പരുക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയാകും. പകരക്കാരന്‍ ഭുവനേശ്വര്‍കുമാര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പെര്‍ത്തില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന സന്നാഹ മത്സരത്തിനിടെ ഷമിയുടെ കണങ്കാലിന് പരുക്കേല്‍ക്കുകയായിരുന്നു.

അതേസമയം, യുവാക്കളടങ്ങുന്ന ടീമുമായിട്ടാണ് സ്‌റ്റീവ് സ്‌മിത്ത് പെര്‍ത്തിലെത്തുന്നത്. പരുക്കുമൂലം മിച്ചല്‍ സ്‌റ്റാര്‍ക്ക് കളിക്കാത്തത് അവര്‍ക്കു തിരിച്ചടിയാകുമെങ്കിലും പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യയെ ഭയപ്പെടുത്താമെന്നാണ് കങ്കാരുക്കള്‍ വിചാരിക്കുന്നത്.

ടെസ്‌റ്റ് നായകപദവി ഉപേക്ഷിച്ച ധോണിക്ക് ഓസീസ് പര്യടനം നിര്‍ണായകമാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്‌ലിയെ നായകനാക്കണമെന്ന വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധോണിക്ക് പരമ്പര നേട്ടം അനിവാര്യമാണ്. ട്വിന്റി20 ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പരമ്പരവിജയത്തില്‍ കൂടുതല്‍ ഒന്നും മഹി ആഗ്രഹിക്കുന്നില്ല.