ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരോട് നിങ്ങളുടെ ഇഷ്ടതാരം ആരെന്നു ചോദിച്ചാല്‍ ഒരു ശങ്കയുമില്ലാതെ അവര്‍ പറയുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ പേരായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് ഐപിഎല്ലിലെ പുതിയ സീസണില്‍ ധോണിയെ എത്തിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് ചെന്നൈ ടീമുടകള്‍.
അടുത്ത സീസണില്‍ ടീം തിരിച്ചെത്തുമ്പോള്‍ ആദ്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ധോണിയെ ആയിരിക്കുമെന്ന് ടീം ഡയറക്ടര്‍മാരിലൊരാളായ കെ ജോര്‍ജ് ജോണ്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. ധോണി ഇല്ലാത്ത ചെന്നൈ ടീമിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല. അതിനാല്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. മഹിയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു താരത്തെ നിലനിര്‍ത്താനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ ധോണിയെ നിലനിര്‍ത്തും. ടീം തിരിച്ചുവരാന്‍ ഒരുങ്ങുകയാണെങ്കിലും അദ്ദേഹവുമായി ഇതുവരെ സംസാരിച്ചിട്ടില്ല. പൂനെയുമായുള്ള മഹിയുടെ കരാര്‍ അവസാനിച്ചതിനാല്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്നും ജോര്‍ജ് ജോണ്‍ വ്യക്തമാക്കി.
ഒത്തുകളി ഇടപാടില്‍ 2015 ജൂലൈയിലാണ് സുപ്രീകോടതി ചെന്നൈ സൂപ്പര്‍ കിംഗ്സിനേയും രാജസ്ഥാന് റോയല്‍സിനേയും രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്.