നിര്‍ണായകമായ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി പിന്മാറുമെന്ന് റിപ്പോര്‍ട്ട്. പെര്‍ത്തില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന സന്നാഹ മത്സരത്തിനിടെ ഷമിയുടെ കണങ്കാലിന് വീണ്ടും പരുക്കേറ്റതോടെയാണ് താരം കളിക്കുമോ എന്നത് സംശയമായത്. വിഷയത്തില്‍ ഇന്നു തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
പരുക്ക് അലട്ടിയിരുന്ന ഷമി ഒന്‍പതു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയത്. പേസ് ബോളിംഗിന്റെ വിളനിലമായ പെര്‍ത്തില്‍ പേരുക്കേട്ട ഓസീസ് നിരയെ എറിഞ്ഞിടാന്‍ കെല്‍പ്പുള്ള താരമായിരുന്നു ഷമി. ലോകകപ്പ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്തത്. പെര്‍ത്തില്‍ പേസ് ബോളിംഗിന്റെ അതിരുവിട്ട് തുണയ്‌ക്കുന്ന ഭൂതങ്ങളൊന്നുമില്ലെന്ന് തെളിയിക്കേണ്ടത് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരാണെങ്കിലും ബോളിംഗ് നിരയെ നയിക്കേണ്ടത് ഷമിയായിരുന്നു.
അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങിയ പരമ്പര കളിക്കാനായി കങ്കാരുക്കളുടെ മടയിലെത്തിയ ധോണിക്ക് ഷമിയുടെ പരുക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.