സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ ആക്രമണത്തിന് ഇരായ വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഗ്ലാമറസായുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് മിതാലിക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്.
സദാചാരം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കാനും മിതാലി മടി കാണിച്ചില്ല. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ആരോപണങ്ങള്‍ തുടരുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.
ഗ്ലാമറസായ വസ്‌ത്രം ധരിച്ച് ഇരിക്കുന്ന ചിത്രമാണ് മിതാലി ട്വറ്ററില്‍ പോസ്‌റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച പോസ്‌റ്റ് ചെയ്‌ത ഈ ചിത്രം സദാചാരം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് താരം നല്‍കിയ ചുട്ട മറുപടിയായിട്ടാണ് അവരുടെ ആരാധകര്‍ കാണുന്നത്.
കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്‌തതാണ് മിതാലിക്കെതിരെ സദാചാരവാദികള്‍ തിരിയാന്‍ കാരണമായത്.
ഇത്തരത്തിലുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ സിനിമാ നടിയല്ലെന്നും നിങ്ങളോടുള്ള ജനങ്ങളുടെ ബഹുമാനം കളയരുതെന്നുള്ള പ്രതികരണങ്ങളുണ്ടായി. നിങ്ങള്‍ പോണ്‍ നടി അല്ലെന്നുവരെ ചിലര്‍ അഭിപ്രായപ്പെട്ടു. ചില വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നപ്പോള്‍ രൂക്ഷമായ മറുപടിയുമായി മിതാലി രംഗത്തെത്തുകയും ചെയ്തു.
ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്ക് മറുപടിപറഞ്ഞ് സമയം കളയാന്‍ തനിക്ക് താല്പര്യമില്ലെന്നും അപഹാസ്യമാണ് ഇതെന്നും തന്നെ വിമര്‍ശിക്കുന്നവരോട് സഹതാപമാണ് തോന്നുന്നതെന്നും അവര്‍ തങ്ങളുടെ സമയം പ്രയോജനപ്രദമായ രീതിയില്‍ ചെലവഴിക്കുന്നില്ലെന്നുമായിരുന്നു മിതാലി പ്രതികരിച്ചത്.
നേരത്തെയും മിതാലി ട്വിറ്ററില്‍ പരിഹാസ കഥാപാത്രമായിട്ടുണ്ട്. കക്ഷത്തിലെ വിയര്‍പ്പ് പറ്റിയ വസ്ത്രം ധരിച്ചതിന്റെ പേരിലായിരുന്നു ആ ആക്രമണം. ഇന്ത്യക്ക് വേണ്ടി ഏറെ വിയര്‍പ്പൊഴുക്കിയിട്ടു തന്നെയാണ് ഇവിടെ വരെ എത്തിയതെന്നായിരുന്നു മിതാലി അന്ന് വിമര്‍ശകരോട് പറഞ്ഞത്.