ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം ഇന്ന്
ശനി, 19 മാര്‍ച്ച് 2016 (09:10 IST)
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 07.30 മുതലാണു മത്സരം.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏകദിന, ട്വന്റി20 ലോകകപ്പുകളിലായി 10 മത്സരങ്ങള്‍ കളിച്ചു. അതില്‍ ഒന്‍പതിലും ഇന്ത്യക്കായിരുന്നു ജയം. 2007 ല്‍ പ്രഥമ ട്വന്റി20 ലോകകപ്പിലെ മത്സരം ടൈയായിരുന്നു. ബോള്‍ ഔട്ടിലൂടെ അന്നും ഇന്ത്യ പാകിസ്‌താനെ മറികടന്നു.
ആദ്യ കളിയിൽ ന്യൂസീലൻഡിനോടു തോറ്റ ഇന്ത്യയ്ക്ക് ഇന്നു ജീവൻമരണ പോരാട്ടമാണ്. ഏഷ്യാകപ്പ് ട്വന്റി20 വിജയത്തിനു പിന്നാലെ അനായാസം ലോകകപ്പ് സെമിയിലെത്താമെന്ന പ്രതീക്ഷകൾക്ക് ആ തോൽവി തിരിച്ചടിയായി. അതേസമയം, കൊൽക്കത്തയിൽ നടന്ന ആദ്യമൽസരത്തിൽ ബംഗ്ലദേശിനെ 55 റൺസിനു കീഴടക്കിയ പാക്കിസ്ഥാൻ ആത്മവിശ്വാസത്തിലാണ്. ഇന്നത്തെ ജയപരാജയങ്ങൾ ടൂർണമെന്റിൽ ഇന്ത്യയുടെ ഭാവി നിർണയിക്കും. വൻ സുരക്ഷാ ക്രമീകരണങ്ങളാണു മൽസരത്തിന് ഒരുക്കിയിരിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരേ നടന്ന ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റമുണ്ടാകില്ല. പേസര്‍ ആശിഷ് നെഹ്‌റയ്‌ക്കു പകരം മുഹമ്മദ് ഷാമിയെ കളിപ്പിക്കാനിടയുണ്ട്. മധ്യനിരയില്‍ അജിന്‍ക്യ രഹാനെയെ കളിപ്പിക്കാനും ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ആലോചിക്കുന്നുണ്ട്. ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്തമില്ലായ്‌മാണ് തോല്‍വിക്കു കാരണമെന്നു ധോണി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
പാകിസ്ഥാനെതിരേ 2012 ല്‍ നടന്ന ട്വന്റി20 യില്‍ 36 പന്തില്‍ 76 റണ്ണെടുത്ത പ്രകടനം ആവര്‍ത്തിക്കാനൊരുങ്ങിയിരിക്കുകയാണ് യുവ്‌രാജ് സിങ്. ഏഷ്യാ കപ്പില്‍ 144 മിനിട്ട് ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞത് പഴയ യുവിയെ മടക്കികൊണ്ടുവരാന്‍ സഹായിച്ചു. മുഹമ്മദ് ആമിര്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരുടെ പന്തുകള്‍ നേരിടുകയാണു യുവിയുടെ വലിയ വെല്ലുവിളി. ന്യൂസിലന്‍ഡിനെതിരേ വിരാട് കോഹ്ലി അടക്കമുള്ള മധ്യനിരക്കാര്‍ നിരാശപ്പെടുത്തിയിരുന്നു.