ട്വന്റി20 ലോകകപ്പിലെ പ്രധാന മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലോട്ടറി സംവിധാനത്തിലൂടെ വില്‍പ്പന നടത്താന്‍ ഐ സി സി തീരുമാനിച്ചു. ഓണ്‍ലൈനില്‍ റജിസ്‌റ്റര്‍ ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് കാണികളെ നിശ്‌ചയിക്കാനാണ് തീരുമാനം.
ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും കൂടാതെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ക്കാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ടിക്കറ്റുകള്‍ക്ക് ആവശ്യക്കാരേറെയുള്ളതിനാലാണ് ഐ സി സി പുതിയ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
സാധാരണ കൗണ്ടറുകള്‍ വഴി ടിക്കറ്റ് വിതരണം നടത്തിയാല്‍ ആയിരക്കണക്കിനാളുകള്‍ എത്തുകയും ടിക്കറ്റ് വിതരണം തടസ്സപ്പെടുകയും ചെയ്യും. അതുപോലെ ഓണ്‍ലൈനില്‍ നേരിട്ട് നല്‍കിയാലും അമിത ട്രാഫിക് മൂലം ടിക്കറ്റ് വിതരണം ആരംഭിച്ച് മിനിട്ടുകള്‍ക്കകം സൈറ്റ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാനും കളി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം തുല്യാവസരം നല്‍കാനും വേണ്ടിയാണ് ലോട്ടറി സിസ്‌റ്റത്തിലൂടെ ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.