ഇംഗ്ലണ്ടിനെ അഭിനന്ദിച്ച് സച്ചിന്‍, കോഹ്‌ലിപ്പടയെ പരിഹസിച്ച് സെവാഗ്; ഇന്ത്യന്‍ ടീമിനെ തള്ളിപ്പറഞ്ഞ് സൂപ്പര്‍താരങ്ങള്‍ രംഗത്ത്

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (17:52 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിലും നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദ്രര്‍ സെവാഗ്, മുഹമ്മദ് കൈഫ്, വിവി എസ് ലക്ഷ്മണ്‍ എന്നിവരാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ ആഞ്ഞടിച്ചത്. സെവാഗാണ് രൂക്ഷമായ രീതിയില്‍ പ്രതികരണം നടത്തിയത്.

പരാജയപ്പെടുമ്പോള്‍ ടീമിനൊപ്പം നില്‍ക്കാനാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്. എന്നാല്‍, പൊരുതാന്‍ പോലും മനസ് കാണിക്കാതെ ഈ ടീമിനെ എങ്ങനെയാണ് സപ്പോര്‍ട്ട് ചെയ്യുക. കോഹ്‌ലിപ്പട നിരാശപ്പെടുത്തി. തിരിച്ചു വരാനുള്ള കരുത്ത് ഇനിയും അവര്‍ക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെവാഗ് പറഞ്ഞു.

പൊരുതാന്‍ പോലും ശ്രമിക്കാത്ത ഇന്ത്യന്‍ ടീം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലക്ഷമണന്‍ കൂട്ടിച്ചേര്‍ത്തു. ബാറ്റ്‌സ്‌മാന്മാര്‍ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടീം ഇന്ത്യ ഇത്തരത്തില്‍ പരാജയപ്പെടുന്നത് വേദനയുണ്ടാക്കുന്നുവെന്ന് കൈഫ് വ്യക്തമാക്കി. പൊരുതാനുള്ള മനസ് ഇല്ലാത്ത അവസ്ഥയാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. നമ്മുടെ ഒരു ബാറ്റ്‌സ്‌മാനും ആത്മവിശ്വാസമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിനെ അഭിനന്ദിച്ചു കൊണ്ടാണ് സച്ചിന്‍ രംഗത്തുവന്നത്. എല്ലാ മേഖലയിലും മെച്ചപ്പെട്ടാല്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് പരമ്പരയിലേക്ക് തിരിച്ചെത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍