ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ മധ്യനിര താരം കെ എല്‍ രാഹുലിന്റെ പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. 107 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നിരുന്ന ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ 200 കടത്തിയത് രാഹുലിന്റെ പ്രകടനമായിരുന്നു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 70 റണ്‍സുമായി താരം ക്രീസിലുണ്ട്.
ഒരു ഭാഗത്ത് തുടര്‍ച്ചയായി വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന് കൊണ്ട് സ്‌കോര്‍ ഉയര്‍ത്തിയ രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ ആദ്യദിനത്തില്‍ രക്ഷിച്ചത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയത് മുതല്‍ മറ്റൊരു തലത്തിലാണ് രാഹുല്‍ കളിക്കുന്നതെന്ന് ഗവാസ്‌കര്‍ പറയുന്നു. രാഹുല്‍ എന്ന താരത്തിന്റെ പ്രതിഭ എത്രമാത്രമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഐപിഎല്ലിലേറ്റ പരിക്കില്‍ നിന്നും തിരിച്ചെത്തിയ രാഹുല്‍ മറ്റൊരു തലത്തിലാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ 70 റണ്‍സാണ് രാഹുല്‍ ഇപ്പോള്‍ നേടിയിരിക്കുന്നതെങ്കിലും അതൊരു സെഞ്ചുറിപ്രകടനത്തിന് തുല്യമായ ഇന്നിങ്ങ്‌സാണ്.
നിങ്ങള്‍ നിങ്ങളുടെ കളിയില്‍ നിന്നും കുറച്ചുകാലം മാറിനില്‍ക്കുന്നതോടെ നിങ്ങളുടെ ഗെയിമിനെ പറ്റി മറ്റൊരു വശം നിങ്ങള്‍ക്ക് മുന്നില്‍ തെളിയും അതാണ് രാഹുലിനും സംഭവിച്ചതെന്ന് തോന്നുന്നു. കളി ആസ്വദിച്ചാണ് രാഹുല്‍ ഇപ്പോള്‍ കളിക്കുന്നത്. അയാളുടെ കളിയിലും ആ പോസിറ്റിവിറ്റി കാണാന്‍ സാധിക്കുന്നുണ്ട്. പരിക്കായി പുറത്തിരുന്ന കാലം രാഹുല്‍ വിനിയോഗിച്ചെന്ന് വേണം പറയാന്‍. നിലവില്‍ ക്രിക്കറ്റിന്റെ 3 ഫോര്‍മാറ്റിലും താരത്തെ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. ഗവാസ്‌കര്‍ പറഞ്ഞു.