പഞ്ചാബിന്റെ എക്കാലത്തെയും വലിയ ടോപ്‌ സ്കോറർ, ഷോൺ മാർഷിന്റെ സിംഹാസനത്തിൽ ഇനി കെഎൽ രാഹുൽ

വെള്ളി, 8 ഒക്‌ടോബര്‍ 2021 (19:58 IST)
ഐപിഎല്ലിൽ ഓപ്പണറെന്ന നില‌യിൽ തുടർച്ചയായി മികച്ച പ്രകടനമാണ് കെഎൽ രാഹുൽ കാഴ്‌ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലെയും മികച്ച പ്രകടനം ഈ സീസണിലും തുടരുന്ന രാഹുൽ ചെന്നൈക്കെതിരായ മത്സരത്തിൽ വെറും 42 ബോളില്‍ എട്ടു സിക്‌സറുകളും ഏഴു ബൗണ്ടറിയുമടക്കം പുറത്താവാതെ 98 റണ്‍സാണ് വാരിക്കൂട്ടിയത്. ഈ തകർപ്പൻ പ്രകടനത്തോടെ ഐപിഎല്ലിലെ ചില റെക്കോഡുകളും സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് താരം.
 
ഐപിഎ‌ൽ 2021 സീസണിൽ 600ലേറെ റൺസുമായി ഓറഞ്ച് ക്യാപ് നിലവിൽ രാഹുലിന്റെ കൈവശമാണുള്ളത്. ഇതിനൊപ്പം പഞ്ചാബിന്റെ എക്കാലത്തെയും വലിയ റൺവേട്ടക്കാരൻ കൂടി ആയിരിക്കുകയാണ് കെഎൽ രാഹുൽ.മുന്‍ താരവും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനുമായ ഷോണ്‍ മാര്‍ഷിന്റെ റെക്കോര്‍ഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്. 2477 റൺസാണ് പഞ്ചാബ് ജേഴ്‌സിയിൽ മാർഷ് നേടിയിരുന്നത്. 2483 റൺസാണ് രാഹുലിന് നിലവിലുള്ളത്.
 
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സൗത്താഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ (1974 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂിനു വേണ്ടി ഇപ്പോള്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (1383 റണ്‍സ്)എന്നിവരാണ് പഞ്ചാബിന്റെ റൺ വേട്ടയിൽ മൂന്നും നാലും സ്ഥാനത്തുള്ളത്.അതേസമയം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ 90+ റൺസുകൾ എന്ന നേട്ടത്തിൽ ഓസീസ് താരം ഡേവിഡ് വാർണർക്കൊപ്പമെത്താനും താരത്തിനായി. ഇരുവരും അഞ്ചു തവണ വീതമാണ് ഈ നേട്ടം കുറിച്ചിട്ടുള്ളത്.
 
അതേസമയം ഐപിഎല്ലിൽ 600 റൺസിന് മുകളിൽ മൂന്നാമത്തെ തവണയാണ് രാഹുൽ സ്കോർ ചെയ്യുന്നത്. രണ്ടു പേര്‍ മാത്രമേ മൂന്നു തവണ ഒരു സീസണില്‍ 600ന് മുകളില്‍ വാരിക്കൂട്ടിയിട്ടുള്ളൂ.ഓസീസിന്റെ ഡേവിഡ് വാർണർ, വിൻഡീസ് താരം ക്രിസ് ഗെയ്‌ൽ എന്നിവരാണ് ലിസ്റ്റിലെ മറ്റ് ബാറ്റ്സ്മാന്മാർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍