കൊറോണ പേടി: ഐപിഎല്ലിന് വേദിയാകാനില്ലെന്ന് കർണാടക,കേന്ദ്രത്തിന് കത്തയക്കും

അഭിറാം മനോഹർ

ചൊവ്വ, 10 മാര്‍ച്ച് 2020 (15:04 IST)
കൊവിഡ് 19 ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക്  വേദിയാവാനില്ലെന്ന് കർണാടക സർക്കാർ. ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര സർക്കാറിന് കത്തയക്കുമെന്നും കർണാടക ആരോഗ്യമന്ത്രി അറിയിച്ചു. കർണാടകയിൽ നടക്കാനിരിക്കുന്ന മത്സരങ്ങൾ നീട്ടി വെയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്യാനാണ് കർണാടക കേന്ദ്രത്തിനോട് ആവശ്യപ്പെടുന്നത്.
 
ബെംഗളൂരുവിലേക്കു മടങ്ങിയെത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് വേദിയാവാൻ സാധിക്കില്ലെന്ന് കർണാടക നിലപാടെടുത്തിരിക്കുന്നത്.മഹാരാഷ്ട്രയിലെ പുനെയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തെ മഹാരാഷ്ട്ര സർക്കാരും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
 
കൊറോണ ബാധിതരുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് ഐപിഎൽ മത്സരങ്ങളും സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. അതേ സമയം രാജ്യത്ത് പേടിക്കേണ്ട സാഹചര്യമില്ലെന്നും ഐപിഎൽ മുൻനിശ്ചയപ്രകാരം തന്നെ നടക്കുമെന്നുമാണ് ബിസിസിഐ വ്യക്തമാക്കുന്നത്.കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നു ഹസ്തദാനം, ആലിംഗനം എന്നിവയില്‍ നിയന്ത്രണം കൊണ്ടുവരാനും കൂടാതെ ആരാധകര്‍ക്കൊപ്പം സെല്‍ഫി, ഹസ്തദാനം എന്നിവയും വേണ്ടെന്നു വയ്ക്കാനുമാണ് ബിസിസിഐ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍