താൻ കണ്ട ഏറ്റവും മികച്ച ഫീൽഡിങ് താരങ്ങൾ ഇവരെന്ന് ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്സ്, പട്ടികയിൽ ഇന്ത്യൻ താരങ്ങളും

അഭിറാം മനോഹർ

തിങ്കള്‍, 27 ജനുവരി 2020 (11:27 IST)
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫീൽഡിങ് താരങ്ങളിലൊരാളായി വിശേഷിപ്പിക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ്. ഒരുകാലത്ത് ഫീൽഡിങ് മികവ് കൊണ്ട് മാത്രം ടീമിൽ ഇടം നേടാൻ കഴിയുമായിരുന്ന റോഡ്സ് ഫീൽഡിങ്ങിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ കളിക്കാരനായിരുന്നു. ഫീൽഡിങ് മികവിന് മാത്രമായി മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടിയ ചരിത്രം പോലുമുണ്ട് റോഡ്സിന്. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഫീൽഡിങ്ങ് പരിശീലകനായി ക്രിക്കറ്റിൽ നിറഞ്ഞു നിൽക്കുന്ന റോഡ്സ് തനിക്കേറ്റവും പ്രിയപ്പെട്ട ഫീൽഡർമാർ ആരൊക്കെയെന്ന് വെളിപെടുത്തിയിരിക്കുകയാണിപ്പോൾ.
 
ഇഷ്ടപ്പെട്ട ഫീൽഡിങ് താരങ്ങൾ ആരാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ട്വീറ്ററിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു കളിക്കാരന്റെയല്ല പകരം തനിക്ക് ഇഷ്ടപ്പെട്ട 7 താരങ്ങളുടെ പേരാണ് താരം പറഞ്ഞിരിക്കുന്നത്. ഇതിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഹെർഷൽ ഗിബ്സ്,എ ബി ഡിവില്ലിയേഴ്സ്. ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്‌ന,രവീന്ദ്ര ജഡേജ ഓസീസ് താരമായ റിക്കി പോണ്ടിങ് ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ വിൻഡീസിന്റെ കീറോൺ പൊള്ളാർഡ് എന്നിവരാണ് റോഡ്സ് ചൂണ്ടികാണിച്ച മികച്ച ഫീൽഡർമാർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍