നൈറ്റ് റൈഡേഴ്‌സ് കരുത്തുകാട്ടി, ചെകുത്താന്മാര്‍ തോറ്റോടി

Webdunia
വെള്ളി, 8 മെയ് 2015 (10:16 IST)
ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 13 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 172 വിജയലക്ഷ്യത്തിന് മറുപടി നല്‍കാനിറങ്ങിയ ഡെല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന നിലയില്‍ ഒടുങ്ങി.തുടര്‍ച്ചയായി വിക്കറ്റുകള്‍ പോയതാണ് ഡെല്‍ഹിക്ക് തിരിച്ചടിയായത്.
 
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഒരുവിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് എടുത്തത്. യൂസഫ് പഠാന്‍ (24 പന്തില്‍ 42), റോബിന്‍ ഉത്തപ്പ (31 പന്തില്‍ 32), മനീഷ് പാണ്ഡെ (19 പന്തില്‍ 22), പിയൂഷ് ചൗള (19 പന്തില്‍ 22) എന്നിവരാണ് കല്‍ക്കത്തയുടെ പ്രധാന സ്‌കോറര്‍മാര്‍. 
 
മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് മനോജ് തിവാരിയും (28 പന്തില്‍ 25) ശ്രേയസ് അയ്യരും (35 പന്തില്‍ 40) നല്ല തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇവര്‍ 63 റണ്‍സ് എടുത്തു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണ് അവര്‍ക്ക് വിനയായത്. ക്യാപ്റ്റന്‍ ജീന്‍ പോള്‍ ഡുമിനി 16 പന്തില്‍ 25 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് മാത്യൂസും (15 പന്തില്‍ 22) സൗരഭ് തിവാരിയും (15 പന്തില്‍ 22*) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ടീമിനെ വിജയതീരത്തെത്തിക്കാന്‍ അത് പര്യാപ്തമായില്ല.
 
നാലോവറില്‍ 20 റണ്‍ വഴങ്ങി ഒരു വിക്കറ്റെടുത്ത അമിത് മിശ്രയാണ് ഡല്‍ഹി ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സഹീര്‍ ഖാന്‍, ആല്‍ബി മോര്‍ക്കല്‍, യുവരാജ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ 32 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത് തന്റെ ഐപിഎല്‍ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച പിയൂഷ് ചൗളയാണ് ഡല്‍ഹിയെ തകര്‍ത്തത്. ബ്രാഡ് ഹോഗും ആന്ദ്രെ റസലും ഓരോ വിക്കറ്റ് വീഴ്ത്തി.