ചെന്നൈ, രാജസ്ഥാന്‍ ടീമുകളിലെ യുവതാരങ്ങളുടെ ഭാവിയില്‍ ആശങ്ക: ദ്രാവിഡ്

Webdunia
ശനി, 18 ജൂലൈ 2015 (14:42 IST)
ഐപിഎല്‍ വാതുവെപ്പ് വിലക്കില്‍ കുടുങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലെ യുവതാരങ്ങളുടെ ഭാവിയില്‍ ആശങ്ക അറിയിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ഒന്നോ രണ്ടോ പേരുടെ തെറ്റിന് ഒരു ടീം മുഴുവന്‍ ബലിയാടുകുന്നത് യുവാക്കളുടെ ക്രിക്കറ്റ് ജീവിതത്തെ ബാധിക്കും. ഈ സന്ദര്‍ഭം നിരാശാജനകമാണെന്നും ഇന്ത്യയുടെ വന്‍മതില്‍ പറഞ്ഞു.

ഇരു ടീമുകളിലെയും മുതിര്‍ന്ന താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും മറ്റു ടീമുകളില്‍ അവസരം ലഭിക്കും. എന്നാല്‍, അവസരം നഷ്ടപ്പെടുന്നത് യുവതാരങ്ങള്‍ക്ക് ആയിരിക്കും. അത് അവരുടെ ഭാവിയെ ബാധിക്കും. ഒരു പിരമിഡായി ടീമിനെ കണ്ടാല്‍ അതിന്റെ താഴെ ഭാഗമാണ് ഇപ്പോള്‍ അനന്തരഫലം അനുഭവിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നിരാശയുണ്ട്. എന്നാല്‍ ക്രിക്കറ്റിന്റെ നല്ല ഭാവിക്കായി സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ നിയോഗിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകളെ മാനിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ടീമിന്റെ ഉടമകളുടെയും ഓഹരി ഉടമകളുടെയും പ്രവൃത്തികള്‍ക്ക് കോച്ച് ഏതെങ്കിലും തരത്തില്‍ പങ്കാളിയാകുമോ ഉത്തരവാദിയാകുമോയെന്നൊക്കെ ജനങ്ങള്‍ തീരുമാനിക്കട്ടെ. ഇതിലെ ന്യായ അന്യായങ്ങള്‍ വേര്‍തിരിക്കാന്‍ താന്‍ ആളല്ല. എന്നാല്‍ ഈ വിധി കൊണ്ട് അന്യായമായി ഭാരം പേറുന്നവരുടെ അവസ്ഥയില്‍ വേദനയുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിന്റെ ഭാവി നല്ലതാകണം. എന്നാല്‍ യുവതാരങ്ങളുടെ ക്രിക്കറ്റ് ജീവിതം ഇരുട്ടിലാകാതെ നോക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.