ഒന്നാം ഏകദിനത്തില്‍ കരുത്തരായ ഇന്ത്യയെ സമനിലയില്‍ തളച്ച് ആതിഥേയരായ ശ്രീലങ്ക. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞെങ്കിലും അവസാന ചിരി ലങ്കയുടേതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 47.5 ഓവറില്‍ ഇതേ റണ്‍സിന് ഓള്‍ഔട്ടായി. ഏകദിനത്തിലെ വമ്പന്‍മാരായ ഇന്ത്യയെ സമനിലയില്‍ ഒതുക്കിയത് ശ്രീലങ്കന്‍ ക്രിക്കറ്റിന് ജയത്തോളം വിലയുള്ള ഫലമാണ്.
രണ്ട് വിക്കറ്റുകള്‍ ശേഷിക്കെ വെറും ഒരു റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. നായകന്‍ ചരിത് അസലങ്ക എറിഞ്ഞ 48-ാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ ഓള്‍ഔട്ടായി. ഇന്ത്യയെ സമനില വരെ എത്തിച്ച ശിവം ദുബെ, അവസാന ബാറ്റര്‍ അര്‍ഷ്ദീപ് സിങ് എന്നിവരെയാണ് തുടര്‍ച്ചയായി നഷ്ടമായത്. ദുബെ 24 പന്തില്‍ 25 റണ്‍സെടുത്തു.
നായകന്‍ രോഹിത് ശര്‍മ 47 പന്തില്‍ 58 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. അക്ഷര്‍ പട്ടേല്‍ (33), കെ.എല്‍.രാഹുല്‍ (31), വിരാട് കോലി (24), ശ്രേയസ് അയ്യര്‍ (23) എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച വിധം തിളങ്ങാനായില്ല. ശ്രീലങ്കയ്ക്കു വേണ്ടി അസലങ്കയും വനിന്ദു ഹസരംഗയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 65 പന്തില്‍ 67 റണ്‍സെടുത്ത ദുനിത് വെല്ലാലഗെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.