കോഹ്ലിയേക്കാൾ കേമനെന്ന് തെളിയിച്ച് ഹിറ്റ്മാൻ, രോഹിത് സ്വന്തമാക്കിയ 7 റെക്കോർഡുകൾ !

നീലിമ ലക്ഷ്മി മോഹൻ

വെള്ളി, 8 നവം‌ബര്‍ 2019 (16:47 IST)
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രമെടുത്താൽ മികച്ച താരങ്ങളുടെ പട്ടികയിൽ ഉറപ്പായും ഉണ്ടാകുന്ന ഒരു പേരാണ് വിരാട് കോഹ്ലി. സാക്ഷാൽ സച്ചിൻ ടെൻണ്ടുൽക്കറുടെ പോലും റെക്കോർഡുകളിൽ പിഴുത് മുന്നേറുന്ന കോഹ്ലിയേക്കാൾ മികച്ച മറ്റൊരു താരം ഉണ്ടാകുമോ? ഈ ചോദ്യത്തിനു ഉത്തരം നൽകാൻ പലർക്കും സാധിച്ചേക്കില്ല. എന്നാൽ, പല കാര്യങ്ങളും സൂഷ്മ നിരീക്ഷണം നടത്തിയാൽ മനസിലാകും അങ്ങനെയൊരാൾ ഉണ്ടെന്ന്. മറ്റാരുമല്ല സാക്ഷാൽ രോഹിത് ശർമ. 
 
കോഹ്ലിക്ക് പോലും അസാധ്യമായ പല കാര്യങ്ങളും നിഷ്പ്രയാസം ചെയ്ത് ഫലിപ്പിക്കാൻ കെൽപ്പുള്ള താരമാണ് രോഹിത് എന്നാണ് വീരേന്ദർ സെവാഗിന്റെ നിലപാട്. രാജ്കോട്ട് ട്വന്റി20യിൽ രോഹിത് പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കോഹ്ലിയേക്കാൾ മുന്നിലാണ് ചിലകാര്യങ്ങളിലെല്ലാം രോഹിത് എന്ന് സെവാഗ് പറയുന്നത്. 
 
‘ഒരു ഓവറിൽ 3–4 സിക്സ് അടിക്കുന്നതും 45 പന്തിൽനിന്ന് 80–90 റൺസ് നേടുന്നതുമൊന്നും അത്ര എളുപ്പമായ കാര്യമല്ല. ഒരുപക്ഷേ, കോഹ്ലിക്ക് പോലും ചെയ്യാൻ കഴിയാത്ത കാര്യമാണിത്’ - എന്ന് സെവാഗ് പറയുന്നു. രോഹിതിന്റെ പ്രകടനം സച്ചിനെ ഓർമിപ്പിക്കുന്നവയാണെന്നും സെവാഗ് പറഞ്ഞു.
 
മൊസാദേക് ഹുസൈന്റെ ഒരു ഓവറിൽ രോഹിത് തുടർച്ചയായി മൂന്നു സിക്സ് നേടിയിരുന്നു. ആറ് സിക്സ് ആയിരുന്നു രോഹിതിന്റെ പ്ലാൻ. എന്നാൽ, നാലാമത്തേത് സിംഗിളിന് വഴങ്ങേണ്ടി വന്നപ്പോൾ സിക്സ് എന്ന പ്ലാൻ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മത്സരത്തിനു ശേഷം രോഹിത് തന്നെ വ്യക്തമാക്കിയിരുന്നു. 
 
രാജ്കോട്ട് ട്വന്റി20യിലെ അർധസെ‍ഞ്ചുറി പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് രോഹിത് സ്വന്തം പേരിലാക്കിയത്. രോഹിത് മറികടന്ന റെക്കോർഡുകൾ ഏതെല്ലാമാണെന്ന് നോക്കാം. 
 
രാജ്യാന്തര ക്രിക്കറ്റിൽ 100 ട്വന്റി20 മത്സരങ്ങൾ പൂർത്തിയാക്കിയ താരമെന്ന റെക്കോർഡ് രോഹിതുനു സ്വന്തം. രാജ്യാന്തര ട്വന്റി20യിൽ 2500 റൺസ് പിന്നിടുന്ന ആദ്യ താരം. ഇന്നലത്തെ മത്സരത്തിൽ 43 പന്തിൽനിന്ന് 85 റൺസെടുത്ത രോഹിത്തിന്റെ പക്കൽ 2537 റൺസാണുള്ളത്. 2450 റൺസുള്ള വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
 
ക്യാപ്റ്റനെന്ന നിലയിൽ ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. ഇതുവരെ 17 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച രോഹിത് ആകെ നേടിയത് 37 സിക്സുകളാണ്. 34 സിക്സ് നേടിയ എം എസ് ധോണിയെ ആണ് രോഹിത് പിന്നിലാക്കിയത്. 
 
രാജ്യാന്തര ട്വന്റി0യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ 50 കടക്കുന്ന താരമെന്ന കോഹ്ലിയുടെ റെക്കോർഡിനു തൊട്ടരികിലെത്തി രോഹിത്. 22 അർധസെഞ്ച്വറികളാണ് കോഹ്ലി സ്വന്തമാക്കിയതെങ്കിൽ 18ആണ് രോഹിതിന്റെ സമ്പാദ്യം. ക്യാപ്റ്റനെന്ന നിലയിൽ ട്വന്റി20യിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ താരമാണ് രോഹിത്. ക്യാപ്റ്റനെന്ന നിലയിൽ ഇക്കാര്യത്തിൽ കോഹ്ലിയും രോഹിതിനൊപ്പമാണ്.
 
10 ഓവർ പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമാണ് രോഹിത്. ഇക്കാര്യത്തിൽ ഹിറ്റ്മാൻ തകർത്തത് സ്വന്തം റെക്കോർഡ് തന്നെയാണ്. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 73 റണ്‍സിന്റെ സ്വന്തം റെക്കോർഡാണ് രോഹിത് തിരുത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍