ധോണി സമ്മര്‍ദ്ദത്തില്‍; ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം

Webdunia
ശനി, 10 ഒക്‌ടോബര്‍ 2015 (09:56 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ കാണ്‍പൂരില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. ട്വിന്റി20 പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സിന്റെ നായകത്വത്തിലാണ് നാളെ പോരിനിറങ്ങുന്നത്. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടീമിനെ നയിക്കാന്‍ ഇറങ്ങുന്നത്.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടാമത്തെ മത്സരം പതിനാലിന് ഇന്‍ഡോറിലും, മൂന്നാം മത്സരം രാജ്‌കോട്ടിലും, നാലാം മത്സരം ചെന്നൈയിലും അവസാന മത്സരം മുബൈയിലുമാണ്. അടുത്തമാസം അഞ്ചിനാണ് ടെസ്‌റ്റ് മത്സരങ്ങള്‍ തുടങ്ങുക അതിനാല്‍ ഏകദിനത്തില്‍ മികച്ച വിജയം കൊയ്‌ത് ടെസ്‌റ്റിനെ നേരിടാനാണ് ധോണിയും സംഘവും ഇറങ്ങുന്നത്.

മറുവശത്ത് ശക്തമായ ടീമിനെയാണ് ദക്ഷിണാഫ്രിക്ക ഏകദിനത്തിനായി അണിനിരത്തുക. പേസര്‍മാരായ മോര്‍ണി മോര്‍ക്കലും ഡെയ്‌ന്‍ സ്‌റ്റെയിനും കഴിഞ്ഞ ദിവസം തന്നെ ടീമിനൊപ്പം ചേര്‍ന്നു. ട്വിന്റി20 പരമ്പര സ്വന്തമാക്കിയതിന്റെ കരുത്തിലാണ് ഡിവില്ലിയേഴ്‌സും സംഘവും ഇറങ്ങുക.