രണ്ടാം ഇന്നിംഗ്‌സിലും രഹാനയ്‌ക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്ക പൊരുതുന്നു

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2015 (11:51 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും അജിങ്ക്യ രഹാനെയ്‌ക്ക് സെഞ്ചുറി. ആദ്യ ഇന്നിംഗ്സില്‍ 127 റണ്‍സ് നേടിയ രഹാനെ (100) രണ്ടാം ഇന്നിംഗ്സിലും തകര്‍പ്പന്‍ സെഞ്ചുറിയാണ് നേടിയത്. ഒന്നര ദിവസം കളി ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 481 റണ്‍സ് വേണം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിന് ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് ഒരു വിക്കറ്റ് നഷ്‌ടമായി.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 206 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രഹാനെയുടെ സെഞ്ചുറി. വിരാട് കോഹ്‌ലി (88) പുറത്തായതോടെ ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ (23) രഹാനെയ്‌ക്ക് മികച്ച പിന്തുണ നല്‍കുകയായിരുന്നു. ആറാം വിക്കറ്റില്‍ 14.3 ഓവര്‍ ബാറ്റ് ചെയ്ത ഇവര്‍ 56 റണ്‍സിന്റെ നിര്‍ണായകമായ കൂട്ടുകെട്ടാണ് നേടിയത്. രഹാനെയുടെ സെഞ്ചുറി നേട്ടത്തിനുപിന്നാലെ സ്കോര്‍ 267ല്‍ എത്തിയപ്പോള്‍ ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചു.

ഇതോടെ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരമെന്ന നേട്ടം രഹാനയ്ക്കു സ്വന്തമായി.
ഹസാരെ, ഗാവസ്കര്‍, രാഹുല്‍ ദ്രാവിഡ്, കോഹ്ലി എന്നിവരാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്.