തലങ്ങും വെലങ്ങും അടിയോടടി; ഡി കോക്കിനും ഡുപ്ലെസിക്കും ഡിവില്ലിയേഴ്‌സിനും സെഞ്ചുറി- ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

Webdunia
ഞായര്‍, 25 ഒക്‌ടോബര്‍ 2015 (17:29 IST)
ഇന്ത്യന്‍ ബോളര്‍മാരെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാര്‍ തരിപ്പണമാക്കിയപ്പോള്‍ നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 439 റണ്‍സ് വിജയലക്ഷ്യം. ക്വിന്റൺ ഡി കോക്ക് (109) തുടക്കമിട്ട വെടിക്കെട്ട് തുടര്‍ന്നെത്തിയെ ഡുപ്ലെസിസും (133*) ഏകദിന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എബി ഡിവില്ലിയേഴ്‌സും (119 ) ചേര്‍ന്ന് പൂര്‍ത്തിയാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക 4/438.

87 ബോളില്‍ നിന്നാണ് ഡി കോക്ക് സെഞ്ചുറി നേടിയപ്പോള്‍ 61 പന്തില്‍ നിന്ന് 11 സിക്‍സറുകളും 3 ഫോറും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സ്. 115 ബോളില്‍ നിന്നാണ് ഡുപ്ലെസി 133 റണ്‍സ് നേടിയത്.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന് ക്വിന്റൺ ഡി കോക്ക് അടിത്തറയിട്ടതോടെ തുടര്‍ന്നെത്തിയ കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് അനുകൂലമാകുകയായിരുന്നു. ഹഷിം അംല (23) പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച ഡുപ്ലെസിയും ഡി കോക്കും ഇന്ത്യന്‍ ബോളര്‍മാരെ മെരുക്കിയെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 154 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. സെഞ്ചുറിക്ക് ശേഷം ഡി കോക്ക് പുറത്തായ ശേഷമായിരുന്നു സ്ഫോടനാത്‌മകമായ ഇന്നിംഗ്‌സുകള്‍ പിറന്നത്.

നാലാമനായെത്തിയ ഡിവില്ലിയേഴ്‌സും  ഡുപ്ലെസിയും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാരെ തല്ലിപ്പരത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 164 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. കൂറ്റനടികള്‍ തുടര്‍ച്ചയായതോടെ മസില്‍ പണിമുടക്കിയ സാഹചര്യത്തില്‍ ഡുപ്ലെസി ക്രീസ് വിടുകയായിരുന്നു. പിന്നീട് മില്ലറെ കാഴ്‌ചക്കാരനാക്കി ദക്ഷിണാഫ്രിക്കന്‍ നായകന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സിക്‍സറുകളും ഫോറുകളും തുടര്‍കഥയായപ്പോള്‍ സന്ദര്‍ശകരുടെ സ്‌കോര്‍ പറക്കുകയായിരുന്നു. 47മത് ഓവറിലാണ്  ഡിവില്ലിയേഴ്‌സ് പുറത്തായത്. ബഹ്‌റുദിന്‍ (19) മില്ലര്‍ (22), എല്‍ഗര്‍ (5) എന്നിവരാണ് മറ്റ് സ്‌കോറേര്‍മാര്‍.   

രണ്ടു വീതം മൽസരം ജയിച്ചിരിക്കുന്ന ഇരുടീമുകൾക്കും നിർണായകമാണ് കലാശപോരാട്ടം. ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. ഇന്ത്യൻ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയമെന്ന സ്വപ്നവുമായാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ മൽസരത്തിനിറങ്ങുന്നത്.