അഞ്ഞൂറാം ടെസ്‌റ്റില്‍ ഇന്ത്യയുടെ തകര്‍ച്ചയ്‌ക്ക് കാരണമായത് ‘ ആ വിക്കറ്റ് ’ - കോഹ്‌ലിക്കും പിഴവ് പറ്റി

വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (20:02 IST)
അഞ്ഞൂറാം ടെസ്‌റ്റ് കളിക്കാനിറങ്ങിയ ഇന്ത്യക്ക് അഭിമാനിക്കാനുള്ള ഒരു നിമിഷവും നല്‍കാതെയാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്‌റ്റിന്റെ രണ്ടാം ദിനവും അവസാനിച്ചത്. മൂന്ന് ദിവസം കൂടി കളിയുള്ളതിനാല്‍ ഏത് ദിശയിലേക്കും ജയസാധ്യതകള്‍ വഴുതിമാറാവുന്ന അവസ്ഥയിലാണുള്ളത്.

ഒന്നാം ദിനം മികച്ച നിലയില്‍ നിന്ന് ചീട്ട് കൊട്ടാരം പോലെ ഇന്ത്യന്‍ ബാറ്റിംഗ് നിര തകരാനുണ്ടായ കാരണം പകല്‍ പോലെ വ്യക്തമാണ്. അഞ്ഞൂറാം ടെസ്‌റ്റിന്റെ പകിട്ട് പ്രകടിപ്പിക്കാതെ വിരാട് കോഹ്‌ലിയും സംഘവും വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു. പഴകും തോറും സ്പിന്നര്‍മാര്‍ക്ക് മേല്‍കൈ നല്‍കുന്ന പിച്ചില്‍ ഷോട്ടുകള്‍ തെരഞ്ഞെടുത്ത് കളിക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടായ പിഴവാണ് തിരിച്ചടിക്ക് കാരണമായത്.


 


ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആതിഥേയരുടെ ഒമ്പത് വിക്കറ്റുകള്‍ കിവീസ് ബൗളിങ് നിര പിഴുതു എന്നതാണ് അത്ഭുതമുളവാക്കുന്നത്. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ മുരളി വിജയിയും (65) ചേതേശ്വർ പൂജാരയും (62) ഇന്നിഗ്‌സിന് അടിത്തറയിട്ടു. സ്കോർ 154ൽ നിൽക്കെ പൂജാരയെ സാന്റ്നർ മടക്കിയതോടെയാണ് ഇന്ത്യയുടെ പതനം ആരംഭിച്ചത്. പൂജാരയുടെ വിക്കറ്റോടെയാണ് ഇവിടെ തുടങ്ങിയതാണ് ഇന്ത്യയുടെ പതനം.

പഴകും തോറും ബാറ്റിംഗ് ബുദ്ധിമുട്ടാകുന്ന പിച്ചില്‍ പിടിച്ചുനിന്ന് റണ്‍സ് കണ്ടെത്താന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് കഴിയാത്തതാണ് തകര്‍ച്ചയ്‌ക്ക് കാരണമായതെന്ന് മുരളി വിജയ് വ്യക്തമാക്കുകയും ചെയ്‌തു. ഇതൊരു പാഠമാണ്. ഇതുള്‍ക്കൊണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം പറയുമ്പോള്‍ പേരുകേട്ട ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴവ് സംഭവിച്ചെന്ന് വ്യക്തമാണ്.


 


മികച്ച സ്‌കോര്‍ കണ്ടെത്തേണ്ട സമയത്ത് വിക്കറ്റ് വലിച്ചെറിഞ്ഞ രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പതിവ് കാൺപൂരിലും രോഹിത് ആവര്‍ത്തിച്ചു. ഇതോടെ ടെസ്റ്റ് ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനം പരുങ്ങലിലാകും.

ഇതുവരെ കളിച്ച 18 ടെസ്റ്റുകളില്‍ 32.62 മാത്രമാണ് രോഹിത്തിന്റെ ശരാശരി. വലിയൊരു ഇന്നിംഗ്സ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ ടെസ്റ്റ് ടീമില്‍ രോഹിത്തിനായി വാദിച്ച വിരാട് കൊഹ്‌ലിക്ക് ഇങ്ങനെ ബാറ്റ് ചെയ്യുന്ന രോഹിത്തിനെ അധികനാള്‍ സംരക്ഷിക്കാനാകില്ല.


 


ആദ്യ ഇന്നിംഗ്‌സിനായി ഇറങ്ങിയ ന്യൂസിലന്‍ഡ് ബാറ്റ്‌സ്‌മാന്‍‌മാരെ വേഗം കുറഞ്ഞ പിച്ചില്‍ തളയ്‌ക്കാന്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും സാധിക്കാത്തത് ആശങ്ക പകരുന്നുണ്ട്. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞത്. മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന്റെ വിക്കറ്റ് സ്വന്തമാക്കിയതാകട്ടെ ഉമേഷ് യാധവും. ഇതോടെയാണ് കോഹ്‌ലിക്ക് ആശങ്കയുണ്ടായത്. മഴ രണ്ടാം ദിനം കളിച്ചെങ്കിലും മൂന്ന് വിക്കറ്റുകള്‍ എങ്കിലും നേടാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാകുമായിരുന്നുവെന്ന് വ്യക്തമാണ്.

വെബ്ദുനിയ വായിക്കുക