ഇംഗ്ലീഷ് താരത്തിന്റെ പങ്കാളി ഗർഭിണി; ധോണിക്ക് സന്തോഷിക്കാന്‍ ഇനിയെന്ത് വേണം

തിങ്കള്‍, 2 ജനുവരി 2017 (14:18 IST)
ടെസ്‌റ്റ് പരമ്പരയില്‍ തോല്‍‌വി നേരിട്ടത്തിന്റെ മാനക്കേട് നീക്കാന്‍ ഏകദിന ജയം ലക്ഷ്യമാക്കി പദ്ധതികളൊരുക്കിയ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി. ഇംഗ്ലീഷ് ടീമിന്റെ സൂപ്പര്‍ താരം ജോ റൂട്ട് ഏകദിന, ട്വന്റി–20 മത്സരങ്ങള്‍ കളിച്ചേക്കില്ലെന്ന് ഇസിബി വ്യക്തമാക്കിയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്.

റൂട്ടിന്റെ പങ്കാളി കാരി കോർട്ടറെല്‍ ഗർഭിണിയാണ്. അവര്‍ക്കൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. അതിനാല്‍ റൂട്ട് വ്യാഴാഴ്‌ച ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് ടീമില്‍ ഉണ്ടാകില്ലെന്നും ഇസിബി വക്‌താവ് വ്യക്തമാക്കി.

റൂട്ടിന്റെ അഭാവം ഇഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയോടു 0–4ന് അടിയറവു പറഞ്ഞ ടെസ്റ്റ് പരമ്പരയിൽ റൂട്ട് ഒരു സെഞ്ചുറി അടക്കം 491 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ ‘വിരാട് കോഹ്‌ലി’ എന്നറിയപ്പെടുന്ന താരമാണ് റൂട്ട്.

മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുക. റൂട്ടിന്റെ അഭാവം ഇന്ത്യന്‍ ടീമിന് ആശ്വാസം പകര്‍ന്നേക്കും. ഇന്ത്യക്കെതിരായ മൂന്നു ഏകദിനവും മൂന്നു ട്വന്റി–20 മത്സരവുമാണ് ഇംഗ്ലണ്ട് കളിക്കുക.

വെബ്ദുനിയ വായിക്കുക