കോഹ്‌ലിയെ വീഴ്ത്താന്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും പുറത്തെടുത്ത തന്ത്രം ഓസ്‌ട്രേലിയയും കടമെടുക്കുമോ ?
ബുധന്‍, 28 നവംബര്‍ 2018 (15:31 IST)
ജയത്തില്‍ കുറഞ്ഞതൊന്നും ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യ ആഗ്രഹിക്കുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്നും പിന്നീട് ഇംഗ്ലണ്ടില്‍ നിന്നുമേറ്റ തോല്‍വിയുടെ നാണക്കേട് കഴുകി കളയണമെങ്കില്‍ കങ്കാരുക്കളെ കശാപ്പ് ചെയ്യാതെ പറ്റില്ല.
വിദേശത്ത് പ്രത്യേകിച്ച് ബൌണ്‍സും പേസും ഒളിഞ്ഞിരിക്കുന്ന പിച്ചുകള്‍ നനഞ്ഞ പടക്കമാകുന്നുവെന്ന ചീത്തപ്പേര് എന്നും ഇന്ത്യക്കൊപ്പമുണ്ട്. ക്യാപ്‌റ്റന്‍മാര്‍ മാറി മാറി വന്നെങ്കിലും ഈ നാണക്കേടിന് യാതൊരു കുറവും വന്നില്ല. വിരാട് കോഹ്‌ലിയും സംഘവും ഓസീസ് മണ്ണിലേക്ക് വിമാനം കയറിയത് ഈ കഥകളെല്ലാം തിരുത്തിയെഴുതാനാണ്.
“ പരമ്പര വിജയത്തില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ, അതിനായി കോഹ്‌ലി ഞങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട് ”- ഇഷാന്ത് ശര്‍മ്മയുടെ ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ് ഇത്തവണത്തെ ഓസീസ് പര്യടനം ഇന്ത്യക്ക് അത്രത്തോളം പ്രാധാന്യമുള്ളതാണെന്ന്.
ഇന്നില്ലെങ്കില്‍ പിന്നീടില്ലെന്ന തോന്നലും ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ട്. കോഹ്‌ലിക്കൊപ്പം നില്‍ക്കാന്‍ ശേഷിയുള്ള സ്‌റ്റീവ് സ്‌മിത്തും വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസ്‌ട്രേലിയന്‍ ടീമിനെ മുട്ടുകുത്തിച്ച് പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിതെന്ന് ഇന്ത്യന്‍ താരങ്ങളും വിശ്വസിക്കുന്നു. സൌരവ് ഗാംഗുലിയുടെയും വിവി എസ് ലക്ഷ്‌മണന്റെയും പ്രസ്‌താവനകളില്‍ നിന്നും അത് വ്യക്തമാണ്.
ഓസ്‌ട്രേലിയുടെ ഒരുക്കങ്ങളും തന്ത്രങ്ങളും കോഹ്‌ലിയെ എങ്ങനെ വീഴ്‌ത്താം എന്നത് മാത്രമാണ്. പ്രകോപിപ്പിച്ച് എതിരാളികളുടെ മാനസിക നില തകര്‍ക്കുകയെന്ന പഴയ ശൈലി ഇന്ത്യന്‍ ക്യാപ്‌റ്റന്റെ അടുത്ത് ചെലവാകില്ലെന്ന് അവര്‍ക്കറിയാം. ഒരു കാരണവശാലും വിരാടിനെ പ്രകോപിപ്പിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡ്യു പ്ലെസി കങ്കാരുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോഹ്‌ലിയെ വെറുതേ വിട്ട് സഹതാരങ്ങളുടെ വിക്കറ്റെടുക്കുകയെന്ന തന്ത്രം ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും പരീക്ഷിച്ച് വിജയിപ്പിച്ചതാണ്. അതേ തന്ത്രം ഓസ്‌ട്രേലിയയും പുറത്തെടുത്താന്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ നില പരുങ്ങലിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.