ഇന്ത്യക്ക് ആശ്വസിക്കാം: നാലാം ടെസ്‌റ്റില്‍ ജോണ്‍സണ്‍ കളിക്കില്ല
ശനി, 3 ജനുവരി 2015 (11:18 IST)
നാലാം ടെസ്‌റ്റില്‍ ഇന്ത്യക്ക് ആശ്വസിക്കാം, ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബോളര്‍ മിച്ചല്‍ ജോണ്‍സണ്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. പരുക്കിനെ തുടര്‍ന്ന് ജോണ്‍സണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശീലനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ ജോണ്‍സനായിരുന്നു ഇന്ത്യയുടെ അന്തകനായത്. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും ഓസീസ് നേടിയപ്പോള്‍ മൂന്നാം ടെസ്റ്റ് സമനിലയിലാകുകയായിരുന്നു. ഇതിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ജോണ്‍സണും തമ്മില്‍ നടന്ന വാക്ക് പോരാട്ടം നാലാം ടെസ്‌റ്റിലും തുടരാനുള്ള സാഹചര്യം ഉണ്ടായിരുന്നു.
മികച്ച ബാറ്റിംഗ് തുടരുന്ന കോഹ്‌ലിയെ തളയ്ക്കാന്‍ കഴിയാത്തതാണ് ഓസീസ് താരങ്ങളെയും ജോണ്‍സണെയും വലയ്ക്കുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ വരുന്ന ലോകകപ്പ് മല്‍സരങ്ങളില്‍ ജോണ്‍സന്റെ സാന്നിധ്യം ഓസീസിന് അനിവാര്യമായതിനാല്‍ പരിക്കിനെ ഗൌരവത്തോടെയാണ് ഓസ്ട്രേലിയന്‍ മാനേജ്മെന്റ് കാണുന്നത്.