പന്ത് പുറത്തേക്ക്? ഒടുവിൽ കോഹ്ലിയും കൈവിടുന്നു; മിന്നിച്ച് രാഹുൽ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 20 ജനുവരി 2020 (12:24 IST)
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് എം എസ് ധോണിക്ക് ശേഷം ആര് എന്ന ചോദ്യങ്ങൾക്കുള്ള മറുപടി ആയിരുന്നു യുവതാരം റിഷഭ് പന്ത്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പന്തിനെ പിന്തുണച്ചവരുടെ പട്ടികയിൽ മുൻ‌നിരയിലുള്ള ആളാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി. 
 
സ്റ്റേഡിയത്തിൽ പന്ത് പിഴവുകൾ വരുത്തുമ്പോഴൊക്കെ, ഗ്യാലറിയിൽ നിന്നും ധോണിയെന്ന ആർപ്പുവിളികൾ ഉയരുന്നപ്പോഴൊക്കെ പന്തിന് വേണ്ടി കൈയ്യടിക്കൂയെന്ന് കാണികളോടും മാധ്യമങ്ങളോടും പലയാവർത്തി പറഞ്ഞയാളാണ് കോഹ്ലി. എന്നാൽ, ‘വിക്കറ്റ് കീപ്പറായി പന്തു മതി’ എന്ന കടുംപിടിത്തം കോലി ഉപേക്ഷിക്കുകയാണോയെന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നുണ്ട്. 
 
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ഇത്തരം സംശയങ്ങൾ ഉരുത്തിരിഞ്ഞത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ് പന്ത് പുറത്തുപോയതോടെയാണ് കോഹ്ലിക്ക് ഈ മനം‌മാറ്റം ഉണ്ടായത്. പന്തിനു പകരം വിക്കറ്റ് കീപ്പറായി എത്തിയത് ലോകേഷ് രാഹുൽ ആയിരുന്നു. മികച്ച പെർഫോമൻസ് ആയിരുന്നു രാഹുൽ വിക്കറ്റിനു പിന്നിൽ കാഴ്ച വെച്ചത്.
 
കെ ‌എൽ‌ രാഹുലിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീം തുടരുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വ്യക്തമാക്കി. രാഹുൽ ടീമിൽ മികച്ച ബാലൻസാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന സീരീസിൽ ഓരോ മത്സരത്തിലും വ്യത്യസ്ത പൊസിഷനിലാണ് രാഹുൽ ബാറ്റിങ്ങിനിറങ്ങിയത്. ഒപ്പം കീപ്പിങ്ങിലും മികച്ച പ്രകടനം രാഹുൽ പുറത്തെടുത്തിരുന്നു.
 
‘കുറച്ച് സമയത്തേക്ക് ഞങ്ങൾ ഇതുമായി മുന്നോട്ട് കൊണ്ടുപോകുകയും മികച്ച തീരുമനമാണോയെന്ന് മനസിലാക്കുകയും ചെയ്യും. മാറ്റമില്ലാത്ത ടീം, തുടർച്ചയായ രണ്ട് വിജയങ്ങൾ നേടി . ഈ ബാലൻസ് മാറ്റേണ്ടതിന്റെ ഒരു കാരണവും കാണുന്നില്ല. റിഷഭ് പന്ത് പ്ലേയിംഗ് ഇലവനിൽ തിരിച്ചുവരവിനായി അൽപ്പം കാത്തിരിക്കേണ്ടി വരുമെന്ന് കോഹ്ലി വ്യക്തമാക്കി.
 
വിക്കറ്റിനു പിന്നിൽ സ്ഥിരം പഴി കേൾക്കുന്ന പന്തിനേക്കാൾ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രാഹുലിനു നിറഞ്ഞ കൈയ്യടിയായിരുന്നു ഗ്യാലറിയിൽ നിന്നും ലഭിച്ചത്. വിക്കറ്റ് കീപ്പറായി രാഹുലിനെ കൂടുതൽ മത്സരങ്ങളിൽ പരീക്ഷിക്കുമെന്ന് കോലി പ്രഖ്യാപിച്ചതോടെ ഏകദിന ടീമിലേക്കുള്ള പന്തിന്റെ മടങ്ങിവരവ് താമസിക്കുമെന്നും ദുഷ്കരമാകുമെന്നാണ് ക്രിക്കറ്റ് വിശകലർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article