72 റൺസ് അകലെ കോലിയെ കാത്ത് വമ്പൻ റെക്കോർഡ്

വ്യാഴം, 11 മാര്‍ച്ച് 2021 (14:41 IST)
ടെസ്റ്റിലും ഏകദിനത്തിലും മാത്രമല്ല ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യൻ നായകൻ വിരാട് കോലി. കുട്ടിക്രിക്കറ്റിൽ സ്ട്രൈക്ക് റേറ്റിനാണ് പ്രാധാന്യമെങ്കിലും അവിടെയും 50ന് മുകളിൽ ശരാശരി ഇന്ത്യൻ നായകനുണ്ട്. 3 ഫോർമാറ്റിലും 50ന് മുകളിൽ ശരാശരിയുള്ള ഏക താരം കൂടിയാണ് കോലി.
 
ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് തുടക്കം കുറിക്കാനിരിക്കെ ട്വെന്റി 20യിൽ വമ്പൻ റെക്കോർഡിനൊപ്പമാണ് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ട്വന്റി 20-യില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. 72 റൺസ് കൂടി നേടാനായാൽ കോലിക്ക് ഈ നേട്ടം സ്വന്തമാക്കാം.
 
84 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 50.48 ശരാശരിയില്‍ 2928 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 99 മത്സരങ്ങളില്‍ നിന്ന് 2839 റണ്‍സുള്ള ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് കോലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2773 റൺസുമായി ഇന്ത്യൻ വൈസ് ക്യാപ്‌റ്റൻ രോഹിത് ശർമയാണ് മൂന്നാം സ്ഥാനത്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍