വെല്‍ഡന്‍ വെങ്കി; ഹാര്‍ദിക് പാണ്ഡ്യയുടെ വഴിയടച്ച് യുവതാരം, ഇനി ഇന്ത്യയുടെ ഫിനിഷറും ആറാം ബൗളറും ഈ 27 കാരന്‍

തിങ്കള്‍, 21 ഫെബ്രുവരി 2022 (09:23 IST)
ഇന്ത്യയുടെ ഭാവി താരമായി വെങ്കടേഷ് അയ്യര്‍. ഹാര്‍ദിക് പാണ്ഡ്യയുടെ വിടവ് നികത്താന്‍ വെങ്കിക്ക് കഴിയുമെന്നാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ വിലയിരുത്തല്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ വെങ്കടേഷ് അയ്യരുടെ പ്രകടനം സെലക്ടര്‍മാരേയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേയും തൃപ്തിപ്പെടുത്തിയിരിക്കുകയാണ്. 
 
ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെന്ന നിലയില്‍ ഒരാള്‍ക്കായി ഇന്ത്യ തെരച്ചില്‍ നടത്തുകയായിരുന്നു. അതിനിടയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വെങ്കടേഷ് അയ്യര്‍ ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഇന്ത്യന്‍ ടീമിലേക്കും വിളി വന്നു. ദുര്‍ബലമായ മധ്യനിരയ്ക്ക് ബലമേകാനും ഫിനിഷര്‍ റോള്‍ വഹിക്കാനും ആവശ്യ നേരത്ത് ആറാം ബൗളര്‍ എന്ന നിലയില്‍ പ്രയോജനപ്പെടുത്താനും ഇന്ത്യയ്ക്ക് ഒരു താരത്തെ വേണമായിരുന്നു. അതിനുള്ള മറുപടിയായിരിക്കുകയാണ് വെങ്കടേഷ് അയ്യര്‍. 
 
13 പന്തില്‍ പുറത്താകാതെ 24, 18 പന്തില്‍ 33, 19 പന്തില്‍ പുറത്താകാതെ 35 എന്നിവയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങളില്‍ വെങ്കടേഷ് അയ്യരുടെ സ്‌കോര്‍. ഒന്നാമത്തേയും മൂന്നാമത്തേയും ട്വന്റി 20 മത്സരത്തില്‍ വെങ്കടേഷ് അയ്യരെ ആറാം ബൗളര്‍ എന്ന നിലയില്‍ രോഹിത് ശര്‍മ ഉപയോഗിച്ചു. മൂന്നാം ട്വന്റി 20 യില്‍ രണ്ട് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും വെങ്കടേഷ് അ്‌യര്‍ വീഴ്ത്തി. എല്ലാ അര്‍ത്ഥത്തിലും ഇതുപോലൊരു ഓള്‍റൗണ്ടര്‍ താരത്തെയാണ് ഇന്ത്യ തേടിയിരുന്നത്. വെങ്കടേഷ് അയ്യരുടെ വരവോടെ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍